പാഠപുസ്തകങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് വായിച്ചു ബോധ്യപ്പെടുന്നതു വരെ ടെൻഷൻ -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങൾ ഇറങ്ങി അതിൽ പ്രശ്നങ്ങളില്ലെന്ന് വായിച്ചു ബോധ്യപ്പെടുന്നതു വരെ വിദ്യാഭ്യാസ വകുപ്പിന് ടെൻഷനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള പാഠ്യപദ്ധതി ചട്ടക്കൂട് കരട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവാദങ്ങൾക്ക് ഒട്ടും കുറവുള്ള സംസ്ഥാനമല്ല കേരളം. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്നത് അനാവശ്യ വിവാദമായിരുന്നു. ലിംഗസമത്വം, ജെൻഡർ യൂനിഫോം എന്നിവയെക്കുറിച്ച് ഉയർന്നത് ആവശ്യമില്ലാത്ത വിവാദങ്ങളും ചർച്ചകളുമാണ്. ന്യായമായ ഏത് കാര്യവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. കരട് പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച് പത്ത് ദിവസം കൂടി പൊതുജനങ്ങൾക്ക് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റ് വഴി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഇതു കൂടി പരിഗണിച്ചശേഷമായിരിക്കും അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കുക.

റോഡ് സുരക്ഷ അറിവ് സ്കൂൾ പാഠ്യപദ്ധതിയിൽ അനിവാര്യമാണെന്നും അക്കാര്യം വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ അന്തഃസത്തക്ക് നിരക്കുന്ന രീതിയിലുള്ള പാഠപുസ്തക രചന നടക്കണമെന്നും അതു പരിശോധിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തണമെന്നും കരട് ഏറ്റുവാങ്ങിയ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കരിക്കുലം കമ്മിറ്റി അംഗം ഡോ. അനിത റാംപാൽ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ.എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Tension until there are no problems in textbooks Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.