‘തല’ തിരിച്ചേ ലത പറയൂ

പൊന്‍കുന്നം: ഇംഗ്ളീഷ് വാക്കുകളുടെ സ്പെല്ലിങ് കുറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുപറഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ മുന്‍ അധ്യാപികയുടെ റെക്കോഡ് പ്രകടനം. ഞായറാഴ്ച പള്ളിക്കത്തോട് അരവിന്ദ് വിദ്യാമന്ദിരം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷിനിര്‍ത്തിയായിരുന്നു പൊന്‍കുന്നം ചേപ്പുംപാറ കളരിക്കല്‍ ലത ആര്‍.പ്രസാദിന്‍െറ അപൂര്‍വ പ്രകടനം. ഒരു മിനിറ്റ് 15 സെക്കന്‍ഡില്‍ തന്നോടു ചോദിച്ച 55 ഇംഗ്ളീഷ് വാക്കുകളുടെ സ്പെല്ലിങ്ങാണ് ലത തിരിച്ചുപറഞ്ഞത്. ഒരു മിനിറ്റ് 23 സെക്കന്‍ഡില്‍ 50 ഇംഗ്ളീഷ് വാക്കുകള്‍ തിരിച്ചുപറഞ്ഞ ഹിമാചല്‍ സ്വദേശി ശിശിര്‍ അധ്വായുടെ (2013)പേരിലാണു നിലവിലെ റെക്കോഡ്. അതിനുമുമ്പ് ഈ റെക്കോഡ് മൂവാറ്റുപുഴ സ്വദേശി ജോപ്പറ്റാസിനു സ്വന്തമായിരുന്നു.

ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുള്ള യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍െറ (യു.ആര്‍.എഫ്) ചീഫ് എഡിറ്ററും ഗിന്നസ് ജേതാവുമായ ഡോ. സുനില്‍ ജോസഫിന്‍െറ സാന്നിധ്യത്തിലായിരുന്നു ലതയുടെ അഭ്യാസം. ഗിന്നസ് റെക്കോഡിന്‍െറ എല്ലാ നിയമവും പാലിച്ചായിരുന്നു പരിപാടി. ആറുമുതല്‍ എട്ടുവരെ അക്ഷരങ്ങളുള്ള വാക്കുകളാണ് തിരിച്ചുപറഞ്ഞത്. ഇംഗ്ളീഷിനുപുറമേ മറ്റു മൂന്നു ഭാഷകളിലും വാക്കുകള്‍ തിരിച്ചുപറയുന്നതിലും ലത പ്രവീണയാണ്. കോതമംഗലം സെന്‍റ് അഗമിനാസ് കോളജ് അധ്യാപികയായിരുന്ന ലതയിപ്പോള്‍ സാംസ്കാരിക ആധ്യാത്മിക പ്രഭാഷണരംഗത്തും സജീവമാണ്. കവയിത്രി കൂടിയായ ഇവര്‍ അക്ഷരശ്രീ രംഗശ്രീ കഥകളി ക്ളബ്, സ്വസ്തി സ്കൂള്‍ ഓഫ് യോഗ തുടങ്ങിയ സംഘടനകളിലും സജീവമാണ്. സ്പൂണറിസം (മറിച്ചുചൊല്ലല്‍) ഭാഷാശാസ്ത്രത്തില്‍ പഠനകാലം മുതല്‍ക്കേ തല്‍പരയായിരുന്നു.

ഡല്‍ഹി മുന്‍ വിദ്യാഭ്യാസ ഓഫിസര്‍ വി.ആര്‍. സോമന്‍ വായിച്ച വാക്കുകളാണ് ലത തിരിച്ചുപറഞ്ഞത്. ഡോ. സുനില്‍ ജോസഫ് സമയനിരീക്ഷകനായി. സി.ആര്‍. രാധാകുമാരി, ഡോ. ആനിയമ്മ കുര്യാക്കോസ് എന്നിവര്‍ നിരീക്ഷകരായി. യോഗം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റെക്കോഡ് പ്രകടനം കാഴ്ചവെച്ച ലത പ്രസാദിന് അവരുടെ ഗുരു കൂടിയായ പ്രഫ. സി.എന്‍. പുരുഷോത്തമന്‍ നമ്പൂതിരി യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍െറ ശില്‍പവും പ്രശസ്തിപത്രവും സമ്മാനിച്ചു. പിന്നീട് സദസ്യര്‍ പറഞ്ഞ പല ഭാഷകളിലുള്ള വാക്കുകളും തിരിച്ചുപറഞ്ഞ് ഇവര്‍ കൈയടിനേടി. പൊന്‍കുന്നം കളരിക്കല്‍ കെ.എന്‍. രാജേന്ദ്രപ്രസാദിന്‍െറ ഭാര്യയാണ് ലത. മകന്‍ അരവിന്ദ്.

Tags:    
News Summary - teacher latha r prasad from ponkunnam get world record in spelling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.