പാലക്കാട്: കൈക്കൂലി വാങ്ങിയ ട്രൈബല്‍ താലൂക്ക് സര്‍വെയര്‍ എ. മുഹമ്മദ് റാഫി അട്ടപ്പാടിയെ വിറ്റുതിന്ന ഉദ്യോഗസ്ഥനെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ. ഭൂമിയുടെ സർവേ നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിരുന്നുവെങ്കിലും റവന്യൂ ഉദ്യോഗസ്ഥർ അതെല്ലാം പൂഴ്ത്തിവെക്കുകയായിരുന്നു. വനഭൂമിക്കു വരെ റവന്യൂ ഭൂമിയാണെന്ന് രേഖയുണ്ടാക്കി മറിച്ച് വിൽക്കാൻ ഈ ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് ആരോപണം.
എന്ത് ആവശ്യത്തിന് സമീപിച്ചാലും വലിയ തുക കൈക്കൂലി ചോദിക്കുമായിരുന്നു. ഒരിടത്തും അദ്ദേഹം അളക്കാൻ നേരിട്ട് പോകില്ല. അദ്ദേഹത്തിന്റെ സഹായകളെയാണ് സർവേക്ക് എല്ലായിടത്തും പറഞ്ഞയച്ചിരുന്നത്. ഈ സർവെയറെ കണ്ടിട്ട് നാൾ ഏറെയായി എന്നാണ് അട്ടപ്പാടിക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനാണ് ഭൂമി അളക്പകണെന്റന് അപേക്ഷ നൽകുന്നവരോട് നൽകിയ നിർദേശം. കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഭൂമി സർവേ ചെയ്ത് കിട്ടേണ്ടവർ മറ്റ് മാർഗമില്ലാത്തിനാൽ അദ്ദേഹം ആവശ്യപ്പെടുന്ന തുക നൽകി. ഒടുവിൽ ഒരു പരാതി അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പിടിയിലായത്.
ഭൂമി അളന്ന് തിരിക്കാന്‍ കൈക്കൂലി വാങ്ങിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വെയര്‍ എ. മുഹമ്മദ് റാഫിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് കലക്ടര്‍ ഡോ. എസ് ചിത്ര ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. അട്ടപ്പാടി പാടവയല്‍ കാവുങ്ങല്‍ വീട്ടില്‍ ധന്യ വിജുകുമാര്‍, വാസു വിജുകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹിലാല്‍കുമാര്‍ പാടവയല്‍ എന്നയാള്‍ സഹോദരിയുടെ മക്കളായ വാസു വിജുകുമാര്‍, ധന്യ വിജുകുമാര്‍ എന്നിവരുടെ പാടവയല്‍ വില്ലേജിലെ 8.60 ഏക്കര്‍ ഭൂമി 551/1, 551/3 എന്നീ സര്‍വേ നമ്പറുകളിലെ ഭൂമിയുടെ വിസ്തീര്‍ണം തിട്ടപ്പെടുത്താനാണ് അട്ടപ്പാടി താലൂക്കില്‍ അപേക്ഷ നല്‍കിയത്.
അപേക്ഷപ്രകാരം എ. മുഹമ്മദ് റാഫിയും മറ്റ് മൂന്ന് പേരും കൂടി ചേര്‍ന്ന് ഭൂമി അളന്നുതിട്ടപ്പെടുത്തി കുറ്റി അടിച്ചു നല്‍കുകയും അതിന് ഗൂഗിള്‍ പേ മുഖാന്തിരം 30,000 രൂപയും നേരിട്ട് 10,000 രൂപയും നല്‍കിയെന്ന് പരാതിയിൽ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെതിരെ കലക്ടർ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.