ചർച്ച വിജയിച്ചിട്ടില്ല; ഹിമാചൽ വൈദ്യുതി നിലച്ചാൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽനിന്ന് കിട്ടുന്ന വൈദ്യുതി നിലച്ചാൽ നവംബറിൽ കേരളത്തിൽ വീണ്ടും നിയന്ത്രണം വേണ്ടി വന്നേക്കും. നിലവിൽ ഒക്ടോബർ 31 വരെയാണ് ഹിമാചലിൽനിന്ന് വൈദ്യുതി ലഭിക്കുക. അടുത്ത മേയ് വരെ വാങ്ങണമെന്ന ആവശ്യം കെ.എസ്.ഇ.ബി സർക്കാറിനെ അറിയിച്ചുവെങ്കിലും തീരുമാനമായില്ല.

1000 മെഗാവാട്ട് വൈദ്യുതി ലഭിച്ചതാണ് ഒക്ടോബറിൽ ആശ്വാസമായത്. ഒരു യൂനിറ്റ് വൈദ്യുതിക്ക് 14.50 രൂപയാണ് വില. ഇത്രയും ഉയർന്ന നിരക്കിൽ വാങ്ങുന്നത് കെ.എസ്.ഇ.ബിക്ക് വൻ ബാധ്യതയാകും. നിലവിൽ 10 രൂപയിൽ കൂട്ടി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതിയില്ല. 14.50 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമീഷന്‍റെ അനുമതി കിട്ടാനും സാധ്യത കുറവാണ്. പീക്ക് സമയത്തെ ലഭ്യതയാണ് പ്രശ്നം. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടലാണ് കെ.എസ്.ഇ.ബി ആഗ്രഹിക്കുന്നത്. നവംബറോടെ ഉത്തരേന്ത്യയിൽ ശൈത്യകാലമാരംഭിക്കും. അവിടെ വൈദ്യുതി ഉയോഗത്തിൽ കുറവ് വരും. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. ഹിമാചലുമായി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും വിജയിച്ചിട്ടില്ല. വീണ്ടും ചർച്ച നടന്നേക്കും.

നവംബറിൽ 5300 മെഗാവാട്ട് വരെ ഉപയോഗം ഉയരാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്ഇ.ബി വിലയിരുത്തൽ. 500 മെഗാവാട്ടോളം ഇതിന് അധികമായി കണ്ടെത്തേണ്ടി വരും. നവംബർ മുതൽ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചിട്ടില്ല.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ 2661.27 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 766 ദശലക്ഷം യൂനിറ്റ് കുറവാണിത്. ഒക്ടോബറിൽ വെറും 360 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. 722 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടേണ്ട സ്ഥാനത്തായിരുന്നു ഇത്.

ചൊവ്വാഴ്ച 91.87 ദശലക്ഷം യൂനിറ്റായിരുന്നു ഉപയോഗം. ഇതിൽ 78.86 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. 13.01 ദശലക്ഷം യൂനിറ്റ് മാത്രമാണ് സംസ്ഥാനത്തുനിന്നുള്ള ഉൽപാദനം. പുറത്തുനിന്ന് വൈദ്യുതി ലഭ്യത കൂടിയപ്പോൾ അത് വാങ്ങി ജല ഉൽപാദനം കുറക്കുകയാണ് കെ.എസ്.ഇ.ബി ചെയ്തത്.

Tags:    
News Summary - Talks Failed; Power Restrictions May Return to Kerala if Himachal Electricity Supply Stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.