ശിക്ഷാ ഇളവിനുള്ള പട്ടികയിൽ നിസാമും ടി.പി.കേസ് പ്രതികളും

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷയിളവിന് ജയിൽ വകുപ്പ് തയാറാക്കിയ പട്ടികയിൽ ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ  കൊടി സുനി അടക്കമുള്ള പ്രതികളും കൊടും കുറ്റവാളികളും. തൃശൂർ ശോഭാസിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാം, കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ, കാരണവർ വധക്കേസ് പ്രതി ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഒാംപ്രകാശ് എന്നിവരും പട്ടികയിൽെപടുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കൊടി സുനിക്ക് പുറമെ ടി.പി വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്, മുനാജ്, റഫീഖ്, അനൂപ്, മനോജ്കുമാർ, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോദ് എന്നിവരും പട്ടികയിലുണ്ട്. ശിക്ഷയിളവിനുള്ള പട്ടിക സർക്കാർ ഗവർണർക്ക് കൈമാറിയെങ്കിലും അദ്ദേഹം അത് മടക്കി കൂടുതൽ വിശദീകരണം തേടുകയായിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. 

കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ പ്രതികൾക്ക് ശിക്ഷയിളവ് ശിപാർശ ചെയ്ത ജയിൽ വകുപ്പ് നടപടിക്കെതിരെ കടുത്ത വിമർശനമുയർന്നിരിക്കുകയാണ്. നടപടി രാഷ്ട്രീയ വിവാദമായും മാറിയിട്ടുണ്ട്. കൊടും കുറ്റവാളികൾക്ക് ശിക്ഷയിളവ് നൽകിയ നടപടിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. മറ്റ് പ്രതിപക്ഷ നേതാക്കളും സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.  നടപടി ചട്ടവിരുദ്ധമാണെന്നും കൊടും കുറ്റവാളികൾക്ക് ജയിലധികൃതർ പ്രത്യേക പരിഗണന നൽകിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അതേസമയം, സർക്കാർ ഉത്തരവി‍​െൻറയും സുപ്രീംകോടതി വിധിയുടെ‍യും  അടിസ്ഥാനത്തിൽ മാത്രമാണ് പട്ടിക തയാറാക്കിയതെന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ ‘മാധ്യമ’ത്തോട് പറഞ്ഞു.

കേരളപ്പിറവിയുടെ ഭാഗമായി ശിക്ഷയിളവിന് അർഹരായവരുടെ പട്ടിക സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2262 പേര് വകുപ്പ് തയാറാക്കി. ആഭ്യന്തര അഡീഷനൽ സെക്രട്ടറി, നിയമവകുപ്പ് ജോയൻറ് സെക്രട്ടറി, ജയിൽ ഡി.ഐ.ജി എന്നിവരടങ്ങിയ കമ്മിറ്റി സൂക്ഷ്മപരിശോധന നടത്തി 1850 പേരെ ശിക്ഷയിളവിന് പരിഗണിച്ചു. ശിക്ഷയിളവ് അനുവദിച്ചാൽ മാത്രം ഒരു തടവുകാരനെയും ജയിൽ മോചിതനാക്കാനാകില്ല. നിയമപ്രകാരമുള്ള ശിക്ഷ അനുഭവിച്ച് പൂർത്തിയാകുന്നതനുസരിച്ച് 15 ദിവസം മുതൽ പരമാവധി ഒരു കൊല്ലം വരെയുള്ള ഇളവ് മാത്രമാകും ലഭിക്കുക. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക്  ഒരുവർഷത്തെ ഇളവാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ജീവപര്യന്തം തടവുകാരന് 14 വർഷം പൂർത്തിയാകുന്ന മുറക്ക് ജയിൽ ഉപദേശക സമിതി ശിപാർശ ചെയ്താലേ മോചനം സാധ്യമാകൂ. ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികളുടെ കാര്യം 20 വർഷം കഴിഞ്ഞേ പരിഗണിക്കാനാകൂ. ഈ സാഹചര്യത്തിൽ നിസാം ഉൾപ്പെടെയുള്ള പ്രതികൾക്ക് സമീപഭാവിയിലൊന്നും പുറത്തുവരാനാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
 

 

Tags:    
News Summary - T P case culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.