പിന്നിൽനിന്ന് കുത്തുന്നതിനേക്കാൾ എന്നെ വിഷം തന്ന് കൊല്ലാമായിരുന്നു; എല്ലാം തുറന്നുപറഞ്ഞ് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. തനിക്ക് ഐ.എ.എസ് ഓഫിസറായ ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇങ്ങനെ പിന്നിൽനിന്നും കുത്തുന്നതിനേക്കാൾ തന്നെ വിഷം നൽകി കൊല്ലുന്നതായിരുന്നു നല്ലതെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ഇനി ഒരു ജോലിയും ലഭിക്കില്ല. വി.ആർ.എസ് എടുത്ത് ദുബൈയിൽ സെറ്റിൽ ചെയ്യാം എന്ന് പറഞ്ഞയാളാണ് ഇപ്പോൾ എനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

ശിവശങ്കറെ ചതിച്ചിട്ടില്ലെന്നും ചതിക്കാനായിരുന്നെങ്കിൽ താൻ ജയിലിൽ കയറിയപ്പോൾ തന്നെ അദ്ദേഹവും ജയിലിൽ എത്തുമായിരുന്നെന്നും​ സ്വപ്​ന സുരേഷ്​. കാര്യങ്ങൾ താൻ തുടക്കത്തിലേ വെളിപ്പെടുത്തിയിരുന്നെങ്കിൽ ശിവശങ്കറിന്‍റെ അറസ്റ്റിന്​ ​കാലതാമസമുണ്ടാകുമായിരുന്നില്ല. അന്വേഷണ ഏജൻസികൾ ​അവർക്ക്​ കിട്ടിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ എന്നെ ചോദ്യംചെയ്​ത​പ്പോൾ നിഷേധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. വാട്ട്​സ്​ആപ്​​ മെസേജുകളൊക്കെ ഇതിലുണ്ടായിരുന്നു. താൻ ശിവശങ്കറെ പെടുത്തിയതല്ലെന്നും വാർത്ത ചാനലുകൾക്ക്​ നൽകിയ അഭിമുഖങ്ങളിൽ സ്വപ്​ന പറഞ്ഞു.

ബാഗേജ്​ ത​ന്‍റെ വീട്ടിലേക്ക്​ വന്ന പാഴ്​സലല്ല

ഡിപ്ലോമാറ്റിക്​ ബാഗേജ്​ എന്നത്​ തന്‍റെ വീട്ടിലേക്ക്​ വന്ന പാർസലല്ല. അത്​ കോൺസുലേറ്റിലേക്ക്​ വന്നതായിരുന്നു​. ഇത്തരമൊരു ബാഗേജിന്​ പ്രശ്നം വന്നപ്പോഴാണ്​ താൻ ശിവശങ്കറെ വിളിച്ചത്​. കോൺസുലേറ്റിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ എന്താവശ്യം വന്നാലും ആദ്യം ബന്ധപ്പെടുക ശിവശങ്കറെയായിരുന്നു​. കോൺസുലേറ്റി​ന്‍റെ പല ആവശ്യങ്ങൾക്കും ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്​. ഔദ്യോഗികമായ വിളികളായിരുന്നു അവ. കോൺസു​ലേറ്റിന്‍റെ പല ആവശ്യങ്ങളും അദ്ദേഹം ചെയ്​ത്​ തന്നിട്ടുമുണ്ട്​.



കോവിഡ്​ കാലമായതിനാൽ ചൈനീസ്​ സാധനങ്ങൾക്കെല്ലാം നിരീക്ഷണമു​​ണ്ടെന്നും കുറച്ചുകഴിയുമ്പോൾ ബാഗേജ്​ വിട്ടുകിട്ടുമെന്നാണ് ഇക്കാര്യത്തിൽ​ ശിവശങ്കർ തന്നോട്​ പറഞ്ഞത്​. ഇത്​ താൻ കോൺസൽ ജനറലിനെ അറിയിക്കുകയും ചെയ്​തു. നയതന്ത്ര ബാഗില്‍ സ്വര്‍ണമുണ്ടെന്ന് ശിവശങ്കറോട്​ പറഞ്ഞിരുന്നു.

'നിരപരാധിത്തം തെളിയിക്കാനെങ്കിൽ എല്ലാം എഴുതണമായിരുന്നു'

എം. ശിവശങ്കര്‍ എഴുതിയ പുസ്തകം അപൂർണമാണ്​. അങ്ങനെ എഴുതാൻ തനിക്കും കഴിയും. താനും പേനയെടുക്കാം. ഒന്നല്ല, ഒന്നിലധികം പുസ്തകങ്ങൾ എഴുതാൻ കഴിയും. അദ്ദേഹത്തിന് എങ്ങനെ ​ഇങ്ങനെയൊക്കെ എഴുതാൻ തോന്നുന്നുവെന്ന്​ എനിക്കറിയില്ല. പുസ്തകത്തിൽ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പറയുന്ന കാര്യങ്ങൾക്ക്​ അടിസ്ഥാനമില്ല. എഴുതുകയായിരുന്നെങ്കിൽ ആദ്യംമുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങളും എഴുതണമായിരുന്നു. എന്നെ അറിയാത്തവരെല്ലാം എന്നെക്കുറിച്ച്​ പല കാര്യങ്ങളും പറയുകയും പ്രചരിപ്പിക്കുകയുമാണ്​. സ്ത്രീയെന്ന പരിഗണന പോലും നൽകുന്നില്ല. ​ഐ-ഫോൺ മാത്രമല്ല, നിരവധി ഗിഫ്​റ്റുകൾ അദ്ദേത്തിന്​ കൊടുത്തിട്ടുണ്ട്​. അതിനെക്കുറിച്ചോ തന്‍റെ ജീവിതത്തെക്കുറിച്ചോ പറയാതെ അദ്ദേഹത്തെ താൻ വഞ്ചിച്ചെന്നാണ്​​ പറയുന്നത്​. തീയില്ലാതെ പുകയുണ്ടാവില്ല. എനിക്കും പറയാം ശിവശങ്കർ എന്നെയും ചതിച്ചെന്ന്​. നഷ്ടങ്ങൾ ശിവശങ്കറിനല്ല, 100 ശതമാനവും തനിക്കും കുടുംബത്തിനുമാണ്​. എന്തുമാത്രം ചീത്തപ്പേരുണ്ടായി. ശിവശങ്കറെ കരിവാരിത്തേക്കാനല്ല, തന്‍റെ ഭാഗത്തുള്ള കാര്യങ്ങൾ പറയാനാണ്​ ഇപ്പോൾ പ്രതികരിക്കുന്നത്​.

'എല്ലാവരും രക്ഷപ്പെടാൻ ശ്രമിച്ചു'

എല്ലാം ത​ന്‍റെ തലയിലാക്കി എല്ലാവരും രക്ഷപ്പെടാനാണ്​ ശ്രമിച്ചത്. ഇപ്പോൾ താൻ മാത്രം കുറ്റക്കാരിയായി. തനിക്കപ്പുറത്തേക്ക് അന്വേഷണമില്ല. താൻ ഒളിവിൽ പോയിട്ടില്ല. മുൻകൂർ ജാമ്യം തേടനായിരുന്നു ശ്രമം. ഇത്​ ശിവശങ്കർ പറഞ്ഞതനുസരിച്ചായിരുന്നു. പിന്നീടാണ്​ ​ ബംഗളൂരുവിലേക്ക്​ പോയത്​. എനിക്ക്​ സർക്കാറിൽ മറ്റ്​ ഉദ്യോഗസ്ഥരെയൊന്നും അറിയില്ല. വരുമാനമില്ലാതിരുന്ന സമയത്ത്​ ശിവശങ്കറോട്​ ജോലി അവസരത്തെക്കുറിച്ച്​ ചോദിച്ചിരുന്നു. അദ്ദേഹം സഹായിച്ചു. ചിലരുടെ പേരുപറഞ്ഞ്​ അവരെ പോയി കാണാൻ പറഞ്ഞു. ഒരു സി.വി തയാറാക്കി താൻ ശിവശങ്കറിന്​ അയച്ച്​ കൊടുത്തിരുന്നു. ആവശ്യകതക്കനുസരിച്ച്​ ഭേദഗതി വരുത്തി എനിക്ക് അദ്ദേഹം തിരികെ അയച്ചുതന്നു. എന്‍റെ ഭർത്താവാണ്​ ഇവ അയച്ച്​ കൊടുത്തത്​. ഒരുദിവസം ജോലി ഓഫർ ലെറ്റർ കിട്ടി. ഐ.ടി സെക്രട്ടറിയുടെ കീഴിലുള്ള സ്​ഥാപനത്തിൽ തന്നെ ഓപറേഷൻ മാനേജറായി കൺസൾട്ടിങ്​ ഏജൻസി വെക്കുമ്പോൾ അതിന്‍റെ റെഫറൻസിൽ പോലും അദ്ദേഹത്തിന്‍റെ പേരാണ്​ വെച്ചിരുന്നത്​. പിന്നെ എങ്ങനെ നിയമനത്തെക്കുറിച്ച്​ ​അറിയില്ലെന്ന്​ പറയും. ഭർത്താവ്​ ജയശങ്കറിന്​ ശിവശങ്കർ കെ-ഫോണിൽ ജോലി തരപ്പെടുത്തിക്കൊടുത്തു. പിന്നീട്​ പ്രശ്നം വന്ന​​​പ്പോൾ രാജിവെപ്പിക്കുകയോ ​ടെർമിനേറ്റ്​ ചെയ്യുകയോ ആയിരുന്നു.

'ആദ്യത്തെ ശബ്​ദരേഖ'

തിരക്കഥ അനുസരിച്ചായിരുന്നു ജയിൽവാസകാലത്തെ ആദ്യത്തെ ശബ്​ദരേഖ. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ്​ ആ ശബ്​ദരേഖയെന്നാണ്​ തന്നോട്​ പറഞ്ഞത്​. കൊച്ചിയിൽ വെച്ചായിരുന്നു അത്​ തയാറാക്കിയത്​. അത്​ എങ്ങനെയാണ്​ മാധ്യമങ്ങളിലേക്കെത്തിയതെന്ന്​ അറിയി​ല്ലെന്നും സ്വപ്​ന പറഞ്ഞു. 

Tags:    
News Summary - swapna suresh against sivasankar ias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.