ക്വാറി ലൈസൻസിന് പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പരിസ്ഥിതി അനുമതി വേണമെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും ക്വാറി ഉടമകളും സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വഴിനീളെ ക്വാറികളുണ്ടാക്കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. പരിസ്ഥിതി സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഖനനം നിയന്ത്രിച്ചില്ളെങ്കില്‍ അത് നടക്കുന്ന മേഖല പുര്‍ണമായും തകര്‍ന്നുപോകുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി ആവശ്യമായി വന്നു.

പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള 2005ലെ വിജ്ഞാപനത്തിലെ 12ാം വകുപ്പില്‍ ഭേദഗതി വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ചെറുകിട പാറമടകള്‍ക്ക് ഹ്രസ്വകാല ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഈ ഭേദഗതി ഭരണഘടന ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി റദ്ദാക്കിയത്. ഹൈകോടതി വിധിക്കെതിരെ പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയിലിരിക്കെ സംസ്ഥാന സര്‍ക്കാറും അപ്പീലുമായത്തെി. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി അഞ്ച് ഹെക്ടറില്‍ താഴെയുള്ള ചെറുകിട പാറമടകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള വിവേചനാധികാരം സര്‍ക്കാറിന് വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ വാദം. ചെറുകിട പാറമടകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി പ്രായോഗികമല്ളെന്നായിരുന്നു ഉടമകളുടെ വാദം. 2015ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പ്രകാരം അന്ന് ലൈസന്‍സ് ഉണ്ടായിരുന്ന ക്വാറികള്‍ക്ക് മൂന്ന് തവണ പെര്‍മിറ്റ് പുതുക്കിനല്‍കാന്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ളെന്നും ഉടമകള്‍ വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞു.

Tags:    
News Summary - supreme court quarry licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.