കേളകം: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് സൂനാമിയിൽ പേരാവൂർ മണ്ഡലത്തിൽ നാലാം തവണയും ജേതാവായത് അഡ്വ. സണ്ണിജോസഫ്. സണ്ണി ജോസഫിനെ ചേർത്ത് പിടിച്ചത് മലയോര പഞ്ചായത്തുകളായിരുന്നു.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങളിൽ ഇടത് മുന്നണി സ്ഥാനാർഥി കെ.കെ. ശൈലജ മുന്നിലെത്തിയെങ്കിലും അത് ഇടത് ഭൂരിപക്ഷ മേഖലകളായ പായം പഞ്ചായത്ത്, ഇരിട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒതുങ്ങി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കെ.പി.സി.സി പ്രസിഡന്റ് എന്നനിലയിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇറങ്ങിയ സണ്ണി ജോസഫ് 14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പേരാവൂരിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ വിജയം.
വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ട് ഒഴിച്ചാൽ ഒരു ഘട്ടത്തിൽ പോലും സണ്ണിക്ക് വെല്ലുവിളി ഉയർത്താൻ കെ.കെ. ശൈലജക്ക് കഴിഞ്ഞില്ല. 3000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പായത്തിൽ നിന്നും 500ല്‍ താഴെ വോട്ടിന്റെ മേൽക്കൈ നേടാൻ ശൈലജക്ക് കഴിഞ്ഞുള്ളൂ. തുടർന്നുള്ള ഓരോ റൗണ്ടുകളിലും സണ്ണി ജോസഫ് കൃത്യമായ ഭൂരിപക്ഷം നിലനിർത്തി. എൽ.ഡി.എഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും, മുഴക്കുന്നിലും, പേരാവൂരിലും കരുത്ത് കാട്ടിയതിനൊപ്പം യു.ഡി.എഫിന്റെ സ്വാധീന മേഖലകളായ കേളകത്തും, കണിച്ചാറിലും, കൊട്ടിയൂരിലും, അയ്യൻകുന്നിലും, ആറളത്തും വ്യക്തമായ ലീഡ് നിലനിർത്താൻ കഴിഞ്ഞതാണ് സണ്ണി ജോസഫിന് ചരിത്രവിജയം സമ്മാനിച്ചത്.
കഴിഞ്ഞ തവണ നേടിയ 10,000 അടുത്ത വോട്ട് പോലും തികക്കാൻ ഇത്തവണയും എൻ.ഡി.എക്ക് കഴിഞ്ഞില്ല . ശക്തമായ പ്രചാരണ പരിപാടികളുമായി എൻ.ഡി.എ മണ്ഡലത്തിൽ ഉണ്ടയിരുന്നുവെങ്കിലും 8020ലേക്ക് ഒതുങ്ങിപോകുന്ന പ്രകടനമായിരുന്നു അവരുടേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 3172 വോട്ടിന്റെ ഭൂരിപക്ഷമാണ് പേരാവൂർ സണ്ണിക്ക് നൽകിയത്. കഴിഞ്ഞതവണ സണ്ണിക്കെതിരെ മത്സരിച്ച കെ.വി. ഷക്കീർ ഹുസൈൻ നേടിയ വോട്ട് പോലും ഇത്തവണ ശൈലജക്ക് നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ സക്കീർ ഹുസൈൻ നേടിയ വോട്ടിൽ നിന്നും 1847 വോട്ടുകൾ കുറവാണ് ഇത്തവണ ശൈലജക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 9434 വോട്ടിന്റെ വർധനവും ഉണ്ടാക്കാനും സണ്ണിക്ക് കഴിഞ്ഞു.
യു.ഡി.എഫ് മികച്ച വിജയം നേടിയ ശേഷം കണ്ണൂരിലെത്തിയ പേരാവൂരിൽനിന്ന് വിജയിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം നൽകി. കണ്ണൂർ വിമാനത്താവളത്തിലായിരുന്നു സ്വീകരണം. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. അദ്ദേഹത്തെ തുറന്ന വാഹനത്തിൽ മണ്ഡലത്തിലേക്ക് ആനയിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ പി. ഇന്ദിര, ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, ഇബ്രാഹിം മുണ്ടേരി, സുരേഷ് മാവില, ഇ.പി. ഷംസുദ്ദീൻ, ഫർസീൻ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.