കേരള മുസ്​ലിം സ്ത്രീകളുടെ വിജയഗാഥ: ഇ-പുസ്തകം കേരളപ്പിറവി ദിനത്തിൽ

തിരുവനന്തപുരം: രാഷ്ട്രനിര്‍മാണത്തിനായി ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച 100 കേരളീയ മുസ്​ലിം സ്ത്രീകളെക്കുറിച്ച് ഇ-പുസ്തകമിറങ്ങുന്നു. മുതിര്‍ന്ന ആഗോള നയതന്ത്രജ്ഞ ഡോ. ഫെറ കെ. ഉസ്മാനി നേതൃത്വം നല്‍കുന്ന 'റൈസിങ് ബിയോണ്ട് ദ് സീലിങ്' (ആര്‍.ബി.ടി.എസ്.) കൂട്ടായ്മയാണു പദ്ധതിക്കു പിന്നില്‍. 'റൈസിങ് ബിയോണ്ട് ദ് സീലിങ്: 100 ഇൻസ്പയറിങ്​ മുസ്​ലിം വിമൻ ഓഫ്​ കേരള' എന്നു പേരിട്ട ജീവചരിത്ര സമാഹാരത്തിന്റെ പ്രകാശനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നടക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, രാജ്യസഭാ എം.പി. ജെബി മേത്തര്‍ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗായകര്‍, പൊതുപ്രവര്‍ത്തകര്‍, കലാകാരികള്‍, വാണിജ്യപ്രമുഖര്‍ തുടങ്ങിയവരുടെ വിജയഗാഥകളാണ്​ കൃതിയിൽ. നാമനിര്‍ദേശം ചെയ്യപ്പെട്ട നിരവധി പേരിൽ നിന്ന്​ അര്‍ഹരായ നൂറു പേരെ തെരഞ്ഞെടുക്കുകയായിരുന്നു.

ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും സാമൂഹികപ്രവര്‍ത്തകനുമായ അമീര്‍ അഹമ്മദ്, ബ്രൂക്​ലിന്‍ കോളജ് പ്രഫസര്‍ ഡോ. ഷഹീന്‍ ഉസ്മാനി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ആര്‍.ബി.ടി.സി. 100 അന്തിമ പട്ടിക തയാറാക്കിയത്. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായ കേരളീയ മുസ്​ലിം സ്ത്രീകളില്‍ ചുരുക്കം പേര്‍ മാത്രം ഉള്‍പ്പെടുന്നതാണ്​ പട്ടികയെന്ന് ഡോ. ഫെറ കെ. ഉസ്മാനി ചൂണ്ടിക്കാട്ടി. സാമൂഹികമുന്നേറ്റത്തിനു പ്രചോദനമേകുന്ന വേദിയായാണ് ആര്‍.ബി.ടി.സിയെ രൂപപ്പെടുത്തിയിരിക്കുന്നത്.

നൂറു മുസ്​ലിം സ്ത്രീകളുടെ മാതൃകാപരമായ ജീവിതം ഇന്ത്യക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീവിതയാത്രയില്‍ ഊര്‍ജം പകരുമെന്ന് അവര്‍ കരുതുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആര്‍.ബി.ടി.സി. 18 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കായി ആര്‍.ബി.ടി.സി. ഓണ്‍ലൈന്‍ മെന്റര്‍ഷിപ് പ്രോഗ്രാം നടത്തുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളോടും ചേര്‍ന്നുനിന്ന്​ സമഗ്രതയോടെ കേരള മുസ്​ലിംസ്ത്രീകളുടെ ജീവചരിത്രം രേഖപ്പെടുത്തുക വഴി വ്യാജചരിത്രം പ്രചരിക്കുന്നതു തടയാന്‍ സഹായകരമാകുമെന്ന് ആര്‍.ബി.ടി.സി. പ്രതീക്ഷിക്കുന്നു.

നവംബര്‍ ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഇ-ബുക്ക് പ്രകാശനച്ചടങ്ങ്. 'സൂം' വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകും. ആമസോണ്‍ കിന്‍ഡില്‍ വഴി ഇ-ബുക്കിന്റെ പ്രീ ഓര്‍ഡറിങ് സൗകര്യമൊരുക്കിയിട്ടുണ്ട്​. https://www.inspiringindianmuslimwomen.org/kerala എന്ന ലിങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ameer@manappat.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

Tags:    
News Summary - Success Story of Kerala Muslim Women: E-Book lounging on november first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.