വിദ്യാർഥികൾക്ക് കൊച്ചി മെട്രോയിൽ പാസ്; 33 ശതമാനം ഇളവ് ലഭിക്കും, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: വിദ്യാർഥികള്‍ക്കായി പുതിയ പാസ് സംവിധാനം ഏർപ്പെടുത്തി കൊച്ചിമെട്രോ. പ്രതിമാസ, ത്രൈമാസ പാസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ജൂലൈ ഒന്നു മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യർഥന പ്രകാരമാണ് പാസ് അനുവദിച്ചത്.

പ്രതിമാസ പാസിന് 1100 രൂപയും ത്രൈമാസ പാസിന് 3000 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിൽ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. ത്രൈമാസ പാസിൽ 150 യാത്രകൾ നടത്താം. പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുകയെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ ഒന്നു മുതല്‍ പാസ് എടുക്കാം. ഈ പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ പാടില്ല. ഇന്ത്യയില്‍ നാഗ്പൂര്‍, പുനെ, മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്.

Tags:    
News Summary - Students will get a pass for Kochi Metro; 33 percent discount, effective from July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.