ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: ദേവികുളം നിയമസഭ മണ്ഡലത്തിൽനിന്ന്​ സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ്​ അസാധുവാക്കിയ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസം സ്​റ്റേ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജിയിലാണ്​ ജസ്റ്റിസ്​ പി. സോമരാജന്‍റെ ഉത്തരവ്​. ഇതേ ബെഞ്ചാണ്​ തിങ്കളാഴ്ച തെരഞ്ഞെടുപ്പ്​ റദ്ദാക്കി ഉത്തരവ്​ പുറപ്പെടുവിച്ചത്​. പരമാവധി 10​ ദിവസത്തേക്കോ അതിന്​ മുമ്പ്​ അപ്പീൽ സമർപ്പിക്കുന്നത്​ വരെയോ ആണ്​ ഇടക്കാല സ്​റ്റേ.

നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ക്രിസ്തുമതത്തിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യനല്ലെന്ന്​ വിലയിരുത്തിയാണ്‌ കഴിഞ്ഞ ദിവസം എ. രാജയുടെ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കിയത്​. എന്നാൽ, ഉത്തരവിന്​ സ്​റ്റേ അനുവദിച്ചിരുന്നില്ല. 

പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർ സ്ഥാനാർഥി ഡി. കുമാർ സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ദിവസം ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽനിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.

ഹരജിയോടൊപ്പം സമർപ്പിച്ച രേഖകളാണ് തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്ന വിധിയിലേക്ക് നയിച്ചത്. എ. രാജ ക്രിസ്‌ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനും കേസിനെ സ്വാധീനിക്കാനും സി.എസ്.ഐ പള്ളി രജിസ്റ്ററുകളിൽ വ്യാപക തിരുത്തൽ വരുത്തിയെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് എ.രാജ സുപ്രിംകോടതിയിൽ നിയമ നടപടികളിലേക്ക് നീങ്ങുന്നത്.

Tags:    
News Summary - Stay on verdict canceling Devikulam election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.