തിരുവനന്തപുരം: സോളാർ വൈദ്യുതോൽപാദന രംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വലിയ പ്രാധാന്യം നൽകുമെന്ന് റെഗുലേറ്ററി കമീഷൻ. ദിവസവും മൂന്നു സെഷൻ വീതം നാലു ദിവസം 12 സെഷനുകളായാണ് തെളിവെടുപ്പ്.
ഓരോ സെഷനിലും അഞ്ഞൂറിൽപരം പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് തെളിവെടുപ്പ് ഓൺലൈനായി നടത്തുന്നതെന്ന് കമീഷൻ വ്യക്തമാക്കി. ഓൺലൈനായി മാത്രം നടത്തുന്നതിനോട് സൗരോർജ ഉൽപാദകർക്ക് പ്രതിഷേധമുണ്ടെങ്കിലും തീരുമാനത്തിൽ മാറ്റംവേണ്ടെന്ന നിലപാടിലാണ് കമീഷൻ.
സോളാർ ഊർജ ഉൽപാദകരുടെ സമൂഹ മാധ്യമ കൂട്ടായ്മകളിൽ തെളിവെടുപ്പിൽ വലിയ പ്രതിഷേധമുയർത്തണമെന്ന കാമ്പയിൻ നടക്കുന്നുണ്ട്. നിലവിൽ ലാഭകരമായ നെറ്റ് മീറ്ററിങ് രീതിയിൽ വരുന്ന മാറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഉൽപാദകരുടെ വാദം. കിലോവാട്ട് ശേഷി കണക്കിലെടുക്കാതെ, എല്ലാവർക്കും നിലവിലെ ബില്ലിങ് രീതി തുടരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, പകൽ സമയത്ത് സോളാർ ഉൽപാദകർ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരം വിലകൂടിയ വൈദ്യുതി രാത്രി തിരികെ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നെന്ന വാദമാണ് കെ.എസ്.ഇ.ബിയുടേത്.
മാത്രമല്ല, ഇത്തരത്തിൽ വിലകൂടിയ വൈദ്യുതി സോളാർ ഉൽപാദകർക്ക് നൽകുന്നതിലൂടെയുണ്ടാകുന്ന അധികബാധ്യത സോളാർ ഉപയോഗിക്കാത്ത വലിയൊരു ശതമാനം സാധാരണ ഉപഭോക്താക്കളുടെ ബില്ലിലേക്ക് കൈമാറപ്പെടുന്ന അസമത്വത്തിൽ മാറ്റം വേണമെന്ന വാദവുമുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ സോളാർ ഉൾപ്പെടെ പുനുരുപയോഗ ഊർജ മേഖലക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ ഈ രംഗത്തെ പിന്നോട്ടടിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്ന വിമർശനമാണ് സോളാർ വൈദ്യുതോൽപാദകർക്ക്.
പൊതുതെളിവെടുപ്പിനുള്ള രജിസ്ട്രേഷൻ ജൂലൈ നാലിന് അവസാനിക്കും. ജൂലൈ എട്ടുമുതൽ 11 വരെ നടക്കുന്ന തെളിവെടുപ്പിന് മുന്നോടിയായി ഹെൽപ് ഡെസ്ക്കും തുറന്നു. ഇതെല്ലാം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് കമീഷന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.