സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ-ജാതി സെൻസസ് നടത്തണം: ഒ.ബി.സി സംഗമം; മുഖ്യമന്ത്രിക്ക് നിവേദനം നൽകും
കൊച്ചി: സംസ്ഥാനത്തെ മുഴുവൻ പൗരന്മാരുടെയും തലയെണ്ണി മുന്നാക്ക-പിന്നാക്ക ഭേദമന്യേ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ ജാതി സെൻസസ് (SEECC) അടിയന്തരമായി നടത്തണമെന്ന് ഒ.ബി.സി സംഗമം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
ഭരണഘടനാ 105-ാം ഭേദഗതിയനുസരിച്ച് സംസ്ഥാനങ്ങളിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ പൗരന്മാരെ കണ്ടെത്തി SEBC/OBC പട്ടിക തയ്യാറാക്കാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്ര SEBC/OBC ലിസ്റ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ സംവരണം, കേന്ദ്ര സർവീസിൽ ഉദ്യോഗ നിയമനങ്ങൾക്കുള്ള സംവരണത്തിനും മാത്രമാണ് പരിഗണിക്കുന്നത്. മണ്ഡൽ കമ്മീഷൻ ശുപാർശയെ തുടർന്ന് 1993 സെപ്റ്റംബർ മുതൽ മാത്രമാണ് കേന്ദ്രത്തിൽ OBC സംവരണം ബാധകമായിട്ടുള്ളത്.
വിദ്യാഭ്യാസ-ഉദ്യോഗ സംവരണം സംബന്ധിച്ച് കേരള ഹൈക്കോടതിയിലും കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനിലും മെക്കയും ഇതര പിന്നാക്ക സമുദായ സംഘടനകളും സമർപ്പിച്ച ഹർജികൾ 22 വർഷത്തിലധികമായി വിധി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് ജാതി തിരിച്ചുള്ള ജനസംഖ്യ കണക്ക് ഇല്ല എന്നാണ് വിധി വൈകുന്നതിന് കാരണമായി സർക്കാരും കമ്മീഷനും നൽകിയിട്ടുള്ള വിശദീകരണം. ഈയിടെ മൈനോരിറ്റി പ്ലാനിങ് ആൻഡ് വിജിലൻസ് ട്രസ്റ്റിന്റെ കേസിൽ കോടതിയലക്ഷ്യ നടപടി വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു മാസത്തിനകം ജാതി സർവേ സംബന്ധിച്ച് മന്ത്രിസഭ തീരുമാനിക്കും എന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ ജനുവരി ഫെബ്രുവരി മാസത്തിൽ നടത്താൻ വിജ്ഞാപനം ചെയ്തിട്ടുള്ള സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുടെ ജാതി തിരിച്ച് കണക്കെടുക്കുവാൻ സംവിധാനമില്ല. ഇതും കേരളത്തിന്റെ സവിശേഷമായ സാഹചര്യവും പരിഗണിച്ച് ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിനും സംസ്ഥാനത്തിന്റെ ഫെഡറൽ സംവിധാനവും സാമൂഹിക നീതിയും ഉറപ്പു വരുത്തുന്നതിനും ഏപ്രിൽ മാസത്തിൽ തന്നെ SEECC നടത്താൻ മന്ത്രിസഭാ തീരുമാനമുണ്ടാകണമെന്നും ഒ.ബി.സി സംഗമം ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിൽ ഉണ്ടാവണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
മുൻ എം.എൽ.എ അഡ്വ. എ.എൻ രാജൻബാബു, ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ, സംവരണ സമുദായ മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ സുദേഷ്, മെക്ക സംസ്ഥാന ഭാരവാഹികളായ എം. ആരിഫ് ഖാൻ, എൻ.കെ അലി, പ്രൊഫ. എ.എം റഷീദ്, യൂണിയൻ ബാങ്ക് ഒ.ബി.സി എംപ്ലോയീസ് സംസ്ഥാന ചെയർമാൻ അഡ്വ. ജെ അശോകൻ അടക്കം അടിയന്തരമായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.