കൊച്ചിയിലെ യാത്രാ ദുരിതം പരിഹരിക്കാൻ സ്കൈ മെട്രോ പദ്ധതി നിർദേശിച്ച് ഇ. ശ്രീധരൻ

കൊച്ചി: കൊച്ചിയിൽ സ്കൈ മെട്രോ പദ്ധതി നടപ്പിലാക്കണമെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള 9 കിലോമീറ്റർ ദൂരം വെറും 15 മിനിറ്റിൽ പിന്നിടാൻ സഹായിക്കുന്ന സ്കൈ മെട്രോ പദ്ധതിയാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. സാധാരണ മെട്രോ നിർമ്മാണച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, കുറഞ്ഞ ചെലവിൽ നടപ്പിലാക്കാൻ കഴിയുന്ന സസ്പെൻഡഡ് പോഡ് അധിഷ്ഠിത ഗതാഗത സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരമ്പരാഗത എലവേറ്റഡ് മെട്രോ ലൈനുകൾക്ക് കിലോമീറ്ററിന് 200 കോടി രൂപയിലേറെ ചെലവ് വരുമ്പോൾ, സ്കൈ മെട്രോക്ക് 100 കോടി രൂപയിൽ താഴെ മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി, മറ്റ് നികുതികൾ, വർദ്ധിച്ചുവരുന്ന ഭൂമി - സാമഗ്രികളുടെ വില, വൈദ്യുതി നിരക്ക് എന്നിവ കാരണം സർക്കാരുകൾക്ക് പരമ്പരാഗത മെട്രോ വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ടെന്ന് ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവുള്ള റൂട്ടുകളിൽ ഇത്തരം ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനങ്ങൾ പരിഗണിക്കണം.

മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മാന്ത്രാ റോഡ് - സാന്തോ ഗോപാലൻ റോഡ് ജംഗ്ഷനിൽ നിന്നാണ് പാത ആരംഭിക്കുന്നത്. സാന്തോ ഗോപാലൻ റോഡ്, പി.ടി ജേക്കബ് റോഡ് എന്നിവയിലൂടെ കടന്ന് ഗേറ്റ്‌വേ ഓഫ് കൊച്ചിൻ ബ്രിഡ്ജ് മുറിച്ചുകടക്കും. തുടർന്ന് വെണ്ടുരുത്തി പാലത്തിന് മുകളിലൂടെയുള്ള പഴയ എൻ.എച്ച്-47 വഴി പെരുമാനൂറിലെത്തി, കൊച്ചിൻ ഷിപ്പ് യാർഡിന്റെ പഴയ റെയിൽവേ സൈഡിംഗ് അലൈൻമെന്റിലൂടെ റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കും. അവിടെനിന്ന് നിലവിലുള്ള റെയിൽവേ ലൈനിന്റെ പടിഞ്ഞാറുഭാഗം വഴി എറണാകുളം സൗത്ത് സ്റ്റേഷനിൽ അവസാനിക്കുന്ന രീതിയിലാണ് സ്കൈ മെട്രോയുടെ പ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്. .

രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 10 സ്റ്റേഷനുകളാണ് ഈ 9 കിലോമീറ്റർ പാതയിലുണ്ടാവുക. സ്റ്റേഷനുകൾ കൃത്യം 1 കിലോമീറ്റർ അകലത്തിലായിരിക്കുമെന്നും, സപ്പോർട്ടിംഗ് തൂണുകൾ 200 മുതൽ 300 മീറ്റർ വരെ ഇടവേളകളിൽ സ്ഥാപിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.

പരമ്പരാഗത മെട്രോ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, റിജിഡ് സ്റ്റീൽ ഗർഡറുകളിൽ തൂക്കിയിട്ടിരിക്കുന്ന പാസഞ്ചർ പോഡുകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഏകദേശം 16 യാത്രക്കാരെ വീതം വഹിക്കാൻ കഴിയുന്ന ഡബിൾ റെയിൽ സംവിധാനത്തിന് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഫ്ലെക്സിബിൾ കേബിളുകൾക്ക് പകരം റിജിഡ് ഗർഡറുകൾ ഉപയോഗിക്കുന്നതിനാൽ 40 മീറ്റർ വരെ ആരം ഉള്ള വളവുകൾ എളുപ്പത്തിൽ തിരിയാൻ കഴിയുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

15 മിനിറ്റിൽ 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിന് മണിക്കൂറിൽ 1,200 പേരെയും, 10 മണിക്കൂർ പ്രവർത്തന സമയത്ത് ആകെ 12,000 പേരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. ഈ പദ്ധതിക്കായി ഷാർജയിൽ അടുത്തിടെ നടപ്പിലാക്കിയ സ്കൈ മെട്രോ സംവിധാനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പഠനവിധേയമാക്കണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടു. ഷാർജയിലെ മാതൃക പരിശോധിക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നേരിട്ടെത്തിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചിയിൽ നിലവിലുള്ള പരമ്പരാഗത മെട്രോക്കും വാട്ടർ മെട്രോക്കും പുറമെ സ്കൈ മെട്രോ കൂടി യാഥാർത്ഥ്യമായാൽ നഗരത്തിന് മൂന്ന് തരത്തിലുള്ള മെട്രോ ഗതാഗത സംവിധാനങ്ങൾ സ്വന്തമാകും. ഇതിനായി ഷാർജ പദ്ധതിയുടെ വിദഗ്ധരുടെ സഹായത്തോടെ കെ.എം.ആർ.എൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sky Metro plan in kochi metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.