സി​സ്​​റ്റ​ർ റാ​ണി മ​രി​യ ‘വാ​ഴ്ത്ത​പ്പെ​ട്ട ര​ക്​​ത​സാ​ക്ഷി’ പ​ദ​വി​യി​ലേ​ക്ക്

 കൊച്ചി: ഇന്ദോറിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ‘രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ’ എന്നാകും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം അറിയപ്പെടുക. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാനുള്ള കർദിനാൾമാരുടെ തിരുസംഘത്തി​െൻറ ശിപാർശ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച് ഒപ്പുെവച്ചു. പ്രഖ്യാപനം പിന്നീടുണ്ടാകും. അതുവരെ, ‘ധന്യയായ രക്തസാക്ഷി സിസ്റ്റർ റാണി മരിയ’ പേരിൽ അറിയപ്പെടും. 

ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) സന്യാസിനി സഭാംഗമായ സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇന്ദോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ പുല്ലുവഴി ഇടവകയിലെ വട്ടാലിൽ പൈലിയുടെയും ഏലീശ്വയുടെയും രണ്ടാമത്തെ മകളായി 1954ലാണ് ജനനം. മറിയം വട്ടാലിൽ എന്ന പേരുകാരി സന്യാസവ്രത വാഗ്ദാനത്തോടെ റാണി മരിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 
 

സിസ്റ്റർ മരിയ ഉപയോഗിച്ചിരുന്ന മുറിയും സാധനങ്ങളും
 

സുവിശേഷ വേലക്കൊപ്പം സാധാരണക്കാർക്ക് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനും സാമൂഹിക ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകിയിരുന്നു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25ന് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ദോർ ബസ് യാത്രക്കിടെ നച്ചൻബോർഹിലിൽ സഹയാത്രിക്കർക്ക് മുന്നിൽ വെച്ചായിരുന്നു കുത്തേറ്റത്. ഏറെക്കാലത്തെ ജയിൽവാസത്തിന് ശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ്, സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.
Tags:    
News Summary - sister rani maria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.