തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി തിരുവനന്തപുരം എം.പി ശശി തരൂരിന്‍റെ അസാന്നിധ്യം. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് നിലമ്പൂരിൽ എത്തിയപ്പോള്‍ കോൺഗ്രസിന്‍റെ താരപ്രചാരകനായ ശശി തരൂർ ഒരിക്കൽ പോലും നിലമ്പൂരിലെത്താതിരുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോൺഗ്രസിന്‍റെ പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എം.പിയുമാണ് നിലവിൽ ശശി തരൂർ.
22 ദിവസം നീണ്ടുനിന്ന വമ്പൻ പ്രചാരണമാണ് യു.ഡി.എഫ് നിലമ്പൂരിൽ നടത്തിയത്. പ്രിയങ്കാഗാന്ധിയും സംസ്ഥാനത്തിലെ എല്ലാ നേതാക്കളും യു.ഡി.എഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനുവേണ്ടി രംഗത്തിറങ്ങിയിറങ്ങിയിരുന്നു. എന്നാൽ, പ്രചാരണത്തിന്‍റെ ഭാഗമാവാൻ കോൺഗ്രസോ യു.ഡി.എഫോ സ്ഥാനാർഥിയോ ഒരിക്കലും ശശി തരൂരിനെ സമീപിച്ചിട്ടില്ലെന്നാണ് സൂചന.
വിദേശ യാത്രയിലായിരുന്നതിനാൽ തരൂരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് ഇതിന് നൽകുന്ന വിശദീകരണം. എന്നാൽ തരൂരിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെടാത്തതിനാൽ മാത്രമാണ് ശശി തരൂർ നിലമ്പൂരിൽ എത്താതിരുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സര്‍വകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ തലവനായി തരൂരിനെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിൽ കോൺഗ്രസിന് എതിർപ്പുണ്ടായിരുന്നുവെങ്കിലും ക്ഷണം ശശി തരൂർ സ്വീകരിച്ചിരുന്നു. ഇതിന്‍റെ പേരിൽ തരൂരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനാലാണ് നിലമ്പൂരിലേക്ക് ശശി തരൂരിനെ ക്ഷണിക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.