രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ
പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വേദി പങ്കിട്ടതിനെതിരെ ബി.ജെ.പി പാലക്കാട് ജില്ല നേതൃത്വം രംഗത്ത്.
രാഹുലുമായി വേദി പങ്കിടാൻ പാടില്ലായിരുന്നെന്നും അതാണ് പാർട്ടി നിലപാടെന്നും ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. നഗരസഭ അധ്യക്ഷ ചെയ്തത് അരുതാത്ത കാര്യമാണ്. പ്രമീള ശശിധരന് തെറ്റുപറ്റി. പാർട്ടി വിരുദ്ധ നിലപാടാണത്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ടുപോകും. പ്രതിഷേധം ഇപ്പോഴും നടക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബി.ജെ.പിയുടെ ഒരു പ്രവർത്തകരും വേദി പങ്കിടരുതെന്നും അദ്ദേഹവുമായി സഹകരിക്കരുതെന്നുമാണ് പാർട്ടി നിലപാട്. അതിൽനിന്ന് പിന്നോട്ടു പോയിട്ടില്ല. രാഹുൽ രാജിവെക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ശനിയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനചടങ്ങായിരുന്നു വേദി. സംഭവത്തിൽ ബി.ജെ.പിയില്‍ അമര്‍ഷം പുകയുകയാണ്.
സംസ്ഥാന കമ്മിറ്റി പ്രമീള ശശിധരനോട് വിശദീകരണം ചോദിക്കും. നടപടി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. പ്രമീള ശശിധരന്റെ പ്രവൃത്തി സ്ത്രീവിരുദ്ധമാണെന്നും നേതാക്കള്‍ വിമർശിച്ചു. പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.