െകാച്ചി: സുൽത്താൻ ബത്തേരിയിൽ ഷഹല ഷെറിൻ എന്ന വിദ്യാർഥിനി ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ, താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയതായി ജില്ല ജഡ്ജി. ഗവ. സർവജന ഹൈസ്കൂളിൽ നടന്ന സംഭവങ്ങൾ അ ന്വേഷിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാൻകൂടിയായ എ. ഹാരിസ് നൽകിയ റിപ്പോർട്ടിലാണ് കുറ്റപ്പെടുത്ത ൽ.
പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറിയിൽ രണ്ട് മീറ്റർ നീളമുള്ള മാളവും വിള്ളലും കണ്ടെത്തി. മാളം പുറത്തേക്ക് തുറന്നിരിക്കുകയാണ്. രണ്ട് ചെറിയ മാളംകൂടി ഇവിടെയുണ്ട്. ഭിത്തിയിലും ദ്വാരങ്ങളുണ്ട്. പരിസ രം കാടുപിടിച്ച് കിടക്കുകയാണ്. പാമ്പുകടിയേറ്റെന്ന് അറിഞ്ഞശേഷം കുട്ടിയുടെ കാൽ കഴുകി പ്രഥമശുശ്രൂഷ നൽകിയെന് ന് അധ്യാപികയുടെ മൊഴിയുണ്ട്. എങ്കിലും പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർട്ടം റ ിപ്പോർട്ടില്ല. മാതാപിതാക്കളുടെ അഭ്യർഥനപ്രകാരം പോസ്റ്റ്മോർട്ടം ഒഴിവാക്കിയെന്നാണ് അറിഞ്ഞത്. എന്നാൽ, പ ാമ്പുകടിയേറ്റാണ് മരണമെന്ന കാര്യത്തിൽ തർക്കമില്ല.
മൂന്നാം ബെല്ലടിച്ചയുടൻ ഏതാണ്ട് 3.10നാണ് പാമ്പുകടിയേ റ്റതെന്നാണ് ഷഹലയുടെ ബന്ധുകൂടിയായ സ്കൂളിലെ മറ്റൊരു വിദ്യാർഥി പറഞ്ഞത്. ചില കുട്ടികൾ മുറ്റത്തെത്തി അധ്യാപ ികയോട് സംസാരിക്കുന്നതും എല്ലാവരുംകൂടി മുറിയിലേക്ക് ഓടിപ്പോകുന്നതുമായ ദൃശ്യങ്ങൾ 3.19നും 3.20നുമായാണ് സി.സി ട ി.വിയിൽ കാണുന്നത്.
സ്റ്റുഡൻറ് പൊലീസ് പരിശീലനത്തിന് 3.42ന് ട്രാഫിക് പൊലീസ് വരുന്നതും ദൃശ്യത്തില ുണ്ട്. 4.45 വരെ പൊലീസ് അവിടെ ഉണ്ടായിരുന്നു. 3.36നാണ് സ്കൂളിൽനിന്ന് ഫോൺ വന്നതെന്നാണ് ഷഹലയുടെ പിതാവ് പറഞ്ഞത്. 3.45ന് അദ്ദേഹം സ്കൂളിൽ വന്നു. അദ്ദേഹം എത്തിയ ഓട്ടോയിൽതന്നെ കുട്ടിയെ ആശുപത്രിയിൽ െകാണ്ടുപോയി. മറ്റാരുെടയും സഹായമില്ലാതെ കുട്ടിയെ തോളിലിട്ട് പിതാവുതന്നെ ആശുപത്രിയിൽ കൊണ്ടുപോയത് ദുഃഖകരമായ കാഴ്ചയാണ്. കുെറ കഴിഞ്ഞാണ് അധ്യാപകർ ആശുപത്രിയിലെത്തിയത്. അധ്യാപകരിൽനിന്ന് ഇത്തരമൊരു പ്രവൃത്തിയല്ല പ്രതീക്ഷിക്കുന്നത്.
കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്ന നിർണായകമായ അരമണിക്കൂറാണ് സ്കൂളിൽ പാഴാക്കിയത്. സമയം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ബാധ്യത പ്രധാനാധ്യാപകനും മറ്റ് അധ്യാപകർക്കും ജീവനക്കാർക്കുമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ രക്ഷിക്കാനായേനെ. വെറും ഒന്നര കി.മീ. അകലെയാണ് താലൂക്ക് ആശുപത്രി. പാമ്പുകടിയേറ്റ ഭാഗം അനക്കാതെ വെക്കണമായിരുന്നു. എന്നാൽ, നടക്കാൻ അനുവദിച്ചു. സ്കൂൾ അധികൃതർ ഫലപ്രദമായി ഒന്നും ചെയ്തില്ല. സാഹചര്യം ൈകകാര്യം ചെയ്യുന്നതിൽ അവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി.
താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പീഡിയാട്രിക് വെൻറിലേറ്റർ ഇല്ലെന്ന കാരണം പറഞ്ഞ് ആൻറിവെനം നൽകാൻ ഡേക്ടർ തയാറായില്ല. അന്ന് അവിടെ 21 ആൻറിവെനം പാക്ക് ഉണ്ടായിരുെന്നന്ന് രേഖകളിൽനിന്ന് വ്യക്തമാണ്. ഇത് നൽകാൻ പിതാവ് ആവശ്യപ്പെട്ടതുമാണ്. ആൻറിവെനം നൽകാതെ ഒരുമണിക്കൂറോളം കുട്ടിയെ കിടത്തിയത് ഡോക്ടറുെട കുറ്റകരമായ വീഴ്ചയാണ്. വെൻറിലേറ്റർ ഇല്ലെങ്കിൽ ഒരുമണിക്കൂറോളം കിടത്തിയതിന് ന്യായീകരണമില്ല. വേണ്ടസമയത്ത് ചികിത്സയും പരിചരണവും കിട്ടാത്തതാണ് കുട്ടി മരിക്കാനിടയായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈകോടതി നിർദേശപ്രകാരമാണ് ജില്ല ജഡ്ജി റിപ്പോർട്ട് സമർപ്പിച്ചത്.
ഷഹലയുടെ മരണം: മുൻകൂർജാമ്യം തേടി ഡോക്ടറും ഹൈേകാടതിയിൽ
കൊച്ചി: സ്കൂൾ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെത്തുടർന്നുള്ള കേസിൽ മുൻകൂർ ജാമ്യം തേടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയിയും ഹൈകോടതിയിൽ. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്ന സ്കൂൾ അധികൃതരാണ് വീഴ്ച വരുത്തിയതെന്നും തനിക്കെതിരെ കേസെടുക്കാൻ മതിയായ വസ്തുതകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാറിെൻറ നിലപാട് തേടി.
വൈകീട്ട് 4.10നാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും കാലിൽ പാമ്പുകടിയേറ്റതുപോലെ അടയാളമുണ്ടായിരുന്നെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, പാമ്പുകടിച്ചതാണോയെന്ന് പിതാവിനും കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല. പാമ്പുകടിയേറ്റാൽ 20 മിനിറ്റിനുള്ളിൽ രക്തം പരിശോധിക്കണം. ഇതിെൻറ അടിസ്ഥാനത്തിലേ ആൻറിവെനം നൽകാനാവൂ. ആശുപത്രിയിൽ 18 ഡോക്ടർമാരുണ്ടെങ്കിലും സംഭവസമയത്ത് താനും രണ്ട് നഴ്സുമാരും മാത്രമാണുണ്ടായിരുന്നത്. കുട്ടിയുടെ ശ്വാസഗതി സാധാരണ നിലയിലായിരുന്നു. കാഴ്ചക്ക് മങ്ങലില്ലെന്ന് കുട്ടി പറഞ്ഞു.
എന്നാൽ, നടക്കാൻ പറഞ്ഞപ്പോൾ കണ്ണുതുറക്കാൻ കഴിയുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പുകടിച്ചതാണെന്ന് വ്യക്തമായത്. ഇൗ സമയം വേണ്ടത്ര ആൻറിവെനം ആശുപത്രിയിലുണ്ടായിരുന്നില്ല. പീഡിയാട്രിക് വെൻറിലേറ്റർ ഇല്ലാത്തതിനാൽ ആൻറിവെനം നൽകാൻ പിതാവ് സമ്മതിച്ചില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നെന്നും ഹരജിയിൽ പറയുന്നു.
വൈസ് പ്രിൻസിപ്പലും ഒരധ്യാപകനും മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം: ജഡ്ജി അധ്യക്ഷനായ സമിതിയുണ്ടാക്കണമെന്ന് ശിപാർശ
െകാച്ചി: പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്താൻ ഹൈകോടതി നിർദേശിക്കുന്ന ജഡ്ജി അധ്യക്ഷനായ സമിതിക്ക് രൂപം നൽകാൻ ശിപാർശ. സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ ജില്ല ജഡ്ജിയുടെതാണ് ഈ നിർദേശം.
സ്കൂളുകളിൽ പ്രഥമശുശ്രൂഷ നൽകാൻ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാലയവും പരിസരവും വൃത്തിയാക്കുന്ന ജീവനക്കാരെ നിയമിക്കാൻ തദ്ദേശ വകുപ്പിന് അധികാരം നൽകണം. വയനാട്ടിലെ മൂന്നു താലൂക്കുകളിലും ഐ.സി.യു ആംബുലൻസ് ഇല്ലാത്തതും രൂക്ഷമായ തെരുവുനായ ശല്യവും ഗൗരവമായി കാണണം. സുരക്ഷിതത്വവും സൗകര്യവും ഇടക്കിടെ പരിശോധിക്കണം. സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന് അധ്യാപക രക്ഷാകർതൃ സമിതികൾക്ക് കൈകഴുകാനാവില്ല. അസമയത്ത് സാമൂഹ്യവിരുദ്ധരും അപരിചിതരും കടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം.
ഷഹലയുടെ മരണത്തിൽ മാതാപിതാക്കൾ ക്രിമിനൽ നടപടികൾക്ക് താൽപര്യം പ്രകടിപ്പിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ചെരിപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ടൈൽ ഇട്ട ക്ലാസ് റൂമുകളിൽ മാത്രമാണ് നിയന്ത്രണമെന്നാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം. എന്നാൽ, ക്ലാസ് മുറികളിൽ മാളങ്ങളും പുറത്ത് കാടും ഉള്ള സാഹചര്യത്തിൽ കുട്ടികൾ പാദരക്ഷ ധരിക്കാൻ അധ്യാപകർതന്നെ നിർദേശിക്കുകയാണ് വേണ്ടിയിരുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.