ലൈംഗികാതിക്രമം; മെഡിക്കോ -ലീഗൽ പരിശോധനക്ക് മുതിർന്ന ഡോക്ടർമാരെ നിയമിക്കണം

കോഴിക്കോട്: ലൈംഗികാതിക്രമ കേസുകളിൽ കുറ്റമറ്റ രീതിയിൽ മെഡിക്കോ-ലീഗൽ പരിശോധന നടത്താൻ മുതിർന്ന ഡോക്ടർമാരെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ടീം ശിപാർശ ചെയ്തു. മെഡിക്കൽ കോളജ് ഐ.സി.യു പീഡനത്തിന് ഇരയായ അതിജീവിതയെ പരിശോധിച്ചതുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ച് അന്വേഷിച്ച ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് കുമാറിന്റെ റിപ്പോർട്ടിലാണ് നിർദേശം.മുതിർന്ന ഡോക്ടർമാർ അല്ലെങ്കിൽ അവരുടെ നേതൃത്വത്തിൽ ഇത്തരം പരിശോധന നടത്താൻ പരിശീലനം ലഭിച്ചവരെ നിയമിക്കണമെന്നും നിർദേശത്തിലുണ്ട്. ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ വൈദ്യപരിശോധന നടത്തിയ സീനിയർ റസി‍ഡന്റായ ഡോ. കെ.വി. പ്രീതിക്ക് ഇത്തരം പരിശോധന നടത്തി പരിചയം ഇല്ലായിരുന്നുവെന്ന് കമീഷൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതിജീവിത പറയുന്നത് അവരുടെ ഭാഷയിൽ അവരുടെ അതേ വാചകങ്ങളിൽ രേഖപ്പെടുത്തി, അതിജീവിതയെയും കൂട്ടിരിപ്പുള്ളവരെയും വായിച്ചു കേൾപ്പിച്ച് മെഡിക്കോ -ലീഗൽ സർട്ടിഫിക്കറ്റിൽ അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിന്റെ നിയമസാധുതയെക്കുറിച്ച് നിയമ വകുപ്പ് സെക്രട്ടറിയിൽ‌ നിന്ന് അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്നും നിർദേശിച്ചിട്ടുണ്ട്.

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ഡോക്ടർ കൃത്യമായി രേഖപ്പെടുത്തിയില്ല എന്ന് പരാതിയുയർന്നിരുന്നു. പുരുഷ അറ്റൻഡർമാർ മാത്രമുള്ള സാഹചര്യത്തിൽ രോഗിയുടെ ബൈസ്റ്റാൻഡറെയും രോഗിയെ ഷിഫ്റ്റ് ചെയ്യുന്ന സമയം കൂടെ നിർത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം. മെഡിക്കോ ലീഗൽ പരിശോധനക്ക് ഡോക്ടർമാരെ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ വിവരങ്ങളും അതിജീവിതയുടെ ബന്ധുക്കൾ ഉണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തണം.അതിജീവിതയെ ഡോ. കെ.വി. പ്രീതി പരിശോധിച്ചപ്പോൾ മറ്റൊരു ഡോക്ടർ ഇല്ലായിരുന്നുവെന്ന സീനിയർ നഴ്സിങ് ഓഫിസറുടെ മൊഴി ശരിവെക്കുന്നതാണ് മനുഷ്യാവകാശ കമീഷൻ അന്വേഷണ റിപ്പോർട്ട്. സീനിയർ റസിഡന്റായ പ്രീതിക്കൊപ്പം ജൂനിയർ റസിഡന്റായ ഡോ. ഫാത്തിമ ബാനു ഉണ്ടെന്നായിരുന്നു ഡോ. പ്രീതിയുടെ മൊഴി. എന്നാൽ, ഡോ. ഫാത്തിമ ബാനു പരിശോധനക്ക് സഹായിച്ചതിന് രേഖാമൂലം തെളിവുകളില്ലെന്നാണ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നത്.

Tags:    
News Summary - sexual assult; order issued to appointment of senior docters to medico-legal checkup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.