കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 82.6%ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആൻറിബോഡിയുടെ അളവ് ഉയര്‍ന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചേക്കാം. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് വാക്‌സിനേഷന്‍ കവറേജ് കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാം.

18 മുതല്‍ 49 വയസ് വരെ പ്രായമുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്ത 2274 സാമ്പിളുകളില്‍ 1487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 65.4%ആണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോപ്രിവലന്‍സ് താരതമ്യേന കുറവാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സ്വീകരിച്ചേക്കാവുന്ന കൂടുതല്‍ സംരക്ഷിത കോവിഡ് ഉചിതമായ പെരുമാറ്റം, ഗര്‍ഭിണികളുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് മുതലായവയാണ് ഇതിനുള്ള കാരണങ്ങള്‍.

5 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 40.2%ആണ്. ഇത് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്. ഇന്ത്യയില്‍ കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നത് അംഗീകരിച്ചിട്ടില്ല. കൂടാതെ ഈ വിഭാഗത്തില്‍ കോവിഡുമായി ബന്ധപ്പെട്ട ഘടകങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ കുറവാണ്. ഇത് കുട്ടികളില്‍ കുറഞ്ഞ സീറോപ്രിവലന്‍സിന് കാരണമാകുന്നു.

18 വയസിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1521 സാമ്പിളുകളില്‍ 1189 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 78.2%ആണ്. ആദിവാസി ജനസംഖ്യയുടെ സീറോപ്രിവലന്‍സ് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ സീറോപ്രിവലന്‍സിനേക്കാള്‍ അല്പം കുറവാണ്. ആദിവാസി ജനതയ്ക്ക് അവരുടെ ആവാസവ്യവസ്ഥയിലെ ഗ്രാമീണ സ്വഭാവവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. പ്രതിരോധ കുത്തിവയ്പ്പിന് ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

18 വയസിനും അതിനു മുകളിലും പ്രായമുള്ള തീരദേശ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1476 സാമ്പിളുകളില്‍ 1294 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 87.7% ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരദേശ വിഭാഗങ്ങളുടെ സീറോപ്രിവലന്‍സ് കൂടുതലാണ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൂടുതല്‍ ക്ലസ്റ്ററുകളുമായും കേസുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

18 വയസിനും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളില്‍ താമസിക്കുന്നവരില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1706 സാമ്പിളുകളില്‍ 1455 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 85.3%ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സും 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലെ ഉയര്‍ന്ന ജനസാന്ദ്രതയാണ് ഉയര്‍ന്ന തലത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നത്.

2021 സെപ്റ്റംബര്‍ മാസത്തിലാണ് മൂന്നാം ഘട്ട സീറോ സര്‍വ്വേ പഠനം നടത്തയത്. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 18 ഉം അതിന് മുകളില്‍ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക, ആശുപത്രികളിലെത്തുന്ന 18 നും 49 നും മദ്ധ്യേ പ്രായമുള്ള ഗര്‍ഭിണികളില്‍ കോവിഡ് 19 രോഗാണുബാധ കണ്ടെത്തുക, 5 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധ കണ്ടെത്തുക, ആദിവാസി മേഖലയിലെ മുതിര്‍ന്നവരില്‍ (18 വയസ്സിന് മുകളില്‍) കോവിഡ് രോഗബാധിതരെ കണ്ടെത്തുക, തീരദേശമേഖലയിലുള്ള മുതിര്‍ന്നയാളുകളില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക, നഗര ചേരി പ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.

ഈ പഠനത്തോടനുബന്ധിച്ച് പഠനവിധേയമാക്കിയവരില്‍ രോഗ വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുക, വാക്‌സിനേഷന്‍ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക, രോഗബാധിതരില്‍ എത്രപേരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട് എന്നും രോഗബാധിതരില്‍ എത്ര പേര്‍ക്ക് മരണം സംഭവിച്ചുവെന്നും കണ്ടെത്തുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ കൂടിയുണ്ടായിരുന്നു.

IgG SARS CoV-2 S1 RBD ആൻറിബോഡി (ആൻറി സ്‌പൈക്ക് ആൻറിബോഡി), IgG SARS CoV-2 ന്യൂക്ലിയോകാപ്‌സിഡ് ആൻറിബോഡി (ആൻറി ന്യൂക്ലിയോകാപ്‌സിഡ് ആൻറിബോഡി) എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറോപ്രിവലന്‍സ് കണക്കാക്കുന്നത്. കോവിഡ് 19 വൈറസ് (SARS CoV-2) അല്ലെങ്കില്‍ ലഭ്യമായ ഏതെങ്കിലും കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ കാരണം സ്വാഭാവിക അണുബാധയുണ്ടാകുമ്പോള്‍ ഒരു വ്യക്തിയില്‍ ആന്റിസ്‌പൈക്ക് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. സ്വാഭാവിക അണുബാധയുണ്ടാകുമ്പോഴോ കോവിഷീല്‍ഡ് വാക്‌സിന്‍ ഒഴികെയുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോഴോ ആന്റിന്യൂക്ലിയോകാപ്‌സിഡ് ആന്റിബോഡികള്‍ ഒരു വ്യക്തിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

2 തരം ആൻറിബോഡികളില്‍ ഏതെങ്കിലും ഒന്നി​െൻറ സാന്നിദ്ധ്യത്തി​െൻറ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഒരു വ്യക്തിയുടെ പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിലാണ് സീറോ പ്രിവലന്‍സ് നിര്‍ണയിക്കുന്നത്. ഇത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ നാലാം ഘട്ട സര്‍വ്വേയ്ക്ക് സമാനമാണ്. IgG SARS CoV-2 S1 RBD ആൻറിബോഡിയ്ക്കായി 6 വിഭാഗങ്ങളിലുമായി 13,198 സാമ്പിളുകള്‍ വിശകലനം ചെയ്തു. IgG SARS CoV-2 ന്യൂക്ലിയോകാപ്‌സിഡ് ആന്റിബോഡിയുടെ സാന്നിധ്യത്തിനായി 13,339 സാമ്പിളുകള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. രണ്ട് തരത്തിലുള്ള പരിശോധനാ ഫലങ്ങളുടെയും ലഭ്യതയെ അടിസ്ഥാനമാക്കി സീറോ പ്രിവലന്‍സ് കണക്കാക്കുന്നതിനായി 12865 എണ്ണം സാമ്പിളുകള്‍ വിശകലനം ചെയ്തു.

Tags:    
News Summary - Seroprevalence Survey out Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.