തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ സീനിയർ അഭിഭാഷകന്‍ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ കൗൺസിലിന് പരാതി നൽകി. നിയമനടപടിയുമായി മുന്നോട്ടു പോകും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
വക്കീൽ ഓഫിസിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ബാർ അസോസിയേഷൻ സെക്രട്ടറി അടക്കമുള്ള അഭിഭാഷകർ പറഞ്ഞു. ഈ സമയത്ത് നിരവധി അഭിഭാഷകർ ഓഫിസിൽ ഉണ്ടായിരുന്നു. പൊലീസിന്‍റേതടക്കം വളരെ നല്ല പിന്തുണയാണ് കേസിൽ ലഭിക്കുന്നത്. പിന്തുണുച്ചവരോട് നന്ദി പറയുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്. അഭിഭാഷക ജോലി ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ചത്. മുഖത്തേക്ക് ഫയൽ വലിച്ചെറിഞ്ഞെന്ന് സഹപ്രവർത്തകയായ അഡ്വ. മിഥുനയാണ് നുണ പറഞ്ഞത്. സത്യാവസ്ഥ അന്വേഷിക്കാതെ ഓഫിസിൽ വരേണ്ടെന്ന് സീനിയർ പറഞ്ഞു. ഇതുപ്രകാരം താൻ രണ്ട് ദിവസം ഓഫിസിൽ പോയില്ല. വെള്ളിയാഴ്ച വിളിച്ച സീനിയർ അബദ്ധം സംഭവിച്ചെന്ന് പറഞ്ഞതായും ശ്യാമിലി വ്യക്തമാക്കി.
അതിനിടെ, കേസിലെ പ്രതിയായ അഡ്വ. ബെയ്‍ലിന്‍ ദാസ് മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകുക. ഓഫിസിൽ ഉണ്ടായ വാക്കുതർക്കത്തിൽ തനിക്കാണ് ആദ്യം മർദനമേറ്റതെന്ന വാദം ബെയ് ലിൻ ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, അഭിഭാഷകയെ മർദിച്ചതിന് പിന്നാലെ ഒളിവിൽ പോയ സീനിയർ അഭിഭാഷകനെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്.
ചൊവ്വാഴ്ചയാണ് വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ചൊവ്വാഴ്ച അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചു.
അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നു. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നത്. ചൊവ്വാഴ്ച തന്നെ നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടു. കവിളില്‍ ആഞ്ഞടിക്കുകയും തറയിൽ വീണപ്പോൾ അവിടെ വെച്ചും ക്രൂരമായി മർദിച്ചു. ജൂനിയര്‍ അഭിഭാഷകരോട് സീനിയർ വളരെ മോശമായാണ് പെരുമാറാറുള്ളതെന്ന് അഭിഭാഷക പറഞ്ഞു.
മർദനത്തിന് പിന്നാലെ മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകി. ഇതേതുടർന്ന് ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.