പട്ടികജാതിക്കാരുടെ നടുവൊടിക്കുന്ന സ്വയം പര്യാപ്ത ഗ്രാമങ്ങൾ; നാലു കോടി ഫലമില്ലാതെ ചെലവഴിച്ചു

കൊച്ചി: ഇടുക്കി ജില്ലയിൽ പട്ടികജാതി-വർഗ വകുപ്പിന്‍റെ 'സ്വയം പര്യാപ്ത ഗ്രാമങ്ങൾ' എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാലു കോടി ഫലമില്ലാതെ ചെലവഴിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 50 കുടുംബങ്ങളോ അതിലധികമോ ഉള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 'സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ' പദ്ധതി തയാറാക്കിയത്.

ഓരോ കോളനിയിലും പരമാവധി ഒരു കോടി ചെലവഴിച്ച് വികസനം നടത്താനാണ് തീരുമാനിച്ചത്. എം.പി.മാർ-എം.എൽ.എമാർ നിർദേശിക്കുന്ന അംഗീകൃത ഏജൻസികൾ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. റോഡുകൾ, വാർത്താവിനിമയം, കുടിവെള്ളം, ഡ്രെയിനേജ് സൗകര്യങ്ങൾ, വൈദ്യുതീകരണം, ശുചിത്വം, മാലിന്യ സംസ്കരണം, ജലസേചനം, കൃഷി, വരുമാനം നൽകുന്ന പദ്ധതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തി.

2012-13, 2013-14 കാലയളവിൽ പദ്ധതി നടപ്പാക്കുന്നതിനായി ഇടുക്കിയിൽ തെരഞ്ഞെടുത്ത എട്ട് പട്ടികജാതി കോളനികളിൽ സാൻഡോസ് എസ്‌.സി കോളനി മാട്ടുപ്പെട്ടി, ചിന്നക്കനാൽ ദിദിർ നഗർ എസ്‌.സി കോളനി എന്നീ രണ്ട് കോളനികളിൽ മാത്രമാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ബാക്കിയുള്ള ആറ് കോളനികളിലെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽതന്നെ. ആറ് കോളനികളിലെ വിവിധ വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് എട്ട് വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല.

ഗുണഭോക്താക്കളുടെ പരാതികൾ സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആറ് കോളനികളിലും പ്രവൃത്തികൾ വിജിലൻസ് അന്വേഷണത്തിലാണ്. വികസന പ്രവർത്തനങ്ങളുടെ ശരിയായ നടത്തിപ്പ് നിരീക്ഷിക്കുന്നതിൽ വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും വിജിലൻസ് കേസുകൾ അന്തിമമാക്കുന്നതിലെ കാലതാമസവും ആറ് പട്ടികജാതി കോളനികളുടെ മൊത്തത്തിലുള്ള വികസനത്തെ ബാധിച്ചു.

നാളിതുവരെയായി നാലു കോടി രൂപ ചെലവഴിച്ചുവെങ്കിലും അത് ഫലവത്തായില്ല. വിജിലൻസ് കേസുകൾ തീർപ്പാക്കുന്നതിൽ അനിശ്ചിതമായി കാലതാമസം നേരിടുന്നതിനാൽ, നിർത്തിയ പ്രവൃത്തികൾ പുനരാരംഭിക്കാനോ തെരഞ്ഞെടുത്ത കോളനികളിൽ സമാനമായ പ്രവൃത്തികൾക്ക് പുതിയ അലോട്ട്മെൻറ് അനുവദിക്കാനും വകുപ്പിന് കഴിയുന്നില്ല. അങ്ങനെ, ആ കോളനികളിലെ ഗുണഭോക്താക്കൾക്ക് 'സ്വയം പര്യാപ്ത ഗ്രാമങ്ങൾ' പദ്ധതിയിൽ വിഭാവനം ചെയ്ത സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു.

അഴുത ബ്ലോക്കിന് കീഴിലുള്ള ചെങ്കര കുരിശുമല എസ്.സി കോളനിയിൽ റോഡുകളുടെയും കുടിവെള്ള പദ്ധതിയുടെയും നിർമാണ പ്രവൃത്തികൾ പൂർത്തിയായതായി വകുപ്പ് അവകാശപ്പെട്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ പണികൾ നിർത്തിയതായി റിപ്പോർട്ട് ലഭിച്ചു. അതുപോലെ ദേവികുളം ബ്ലോക്കിലെ തൊട്ടിക്കാനം എസ്. സി കോളനിയിൽ വൈദ്യുതി ലഭ്യതയില്ലാത്തതിനാൽ കുടിവെള്ള പദ്ധതി ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.

കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന് ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാത്തതാണ് വൈദ്യുതി ലഭ്യമല്ലാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതി വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിത്. വികലമായ ആസൂത്രണം കാരണം പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. വിജിലൻസ് കേസ് നിലനിൽക്കുന്നതിനാൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാൻ വകുപ്പില്ലെന്നാണ് മറുപടി.

Tags:    
News Summary - Self-sufficient villages inhabited by Scheduled Castes; Four crore waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.