സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് ഈ മാസം തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഈ മാസം 16ന് ആദ്യയോഗം ചേരും. പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കോർ കമ്മിറ്റി രൂപവത്കരിച്ചിട്ട് മൂന്നു മാസം പൂർത്തിയായിരുന്നു. എന്നിട്ടും ഇതുവരെ ഒരുയോഗം പോലും ചേരാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. കോർ കമ്മിറ്റി അംഗങ്ങളെയും പുനഃസംഘടിപ്പിച്ച കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ചാണ് ആദ്യയോഗം.

പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം നീണ്ടതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും ഐ.ടി, അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടും പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിൽ സർക്കാർ നടപടി വൈകുകയായിരുന്നു.

2013ൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങളാണ് സ്കൂളുകളിൽ ഇപ്പോഴും പഠിപ്പിക്കുന്നത്. 2023 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ പുതിയ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കാനാണ് ലക്ഷ്യമിട്ടത്. നടപടികൾ വൈകിയതിനാൽ 2023ൽ പുതിയ പുസ്തകങ്ങൾ എത്തിക്കുന്നത് ശ്രമകരമാകും. മഹാമാരികൾ, ലിംഗനീതി, പരിസ്ഥിതി, നവമാധ്യമങ്ങളുടെ സ്വാധീനം ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - School curriculum reform activities, first meeting on June 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.