സ്കൂൾ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: സ്കൂൾ ബസുകളിലെ ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വലിലാണ് നിർദേശമുള്ളത്. ബസുകളിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് മുമ്പ് നിർദേശമുണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അതാത് പൊലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്നും സ്കൂൾ അധികൃതരോട് സുരക്ഷാ മന്വലിൽ ആവശ്യപ്പെടുന്നുണ്ട്.

നേരത്തേ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർമാരോട് പൊലീസ് ക്ലിയറൻസ് വേണമെന്ന് മോട്ടോർവാഹന വക‍ുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായില്ല. അന്ന് ഡ്രൈവർമാർക്ക് മാത്രമാണ് ക്ലിയറൻസ് വേണ്ടിയിരുന്നതെങ്കിൽ ഇന്ന് ബസിലെ മുഴുവൻ ജീവനക്കാർക്കും ക്ലിയറൻസ് വേണം എന്ന് നിർദേശമാണുള്ളത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് വരുന്ന മറ്റ് സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ വാഹനത്തിന്റെ ഡ്രൈവർ മുമ്പ് കേസിൽ ഉൾപ്പെട്ടവരല്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളാണെന്നും മാന്വലിലുണ്ട്.

മുമ്പ് സ്കൂൾ ബസുകളിൽ കാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. കാമറ വെക്കണം എന്ന നിർദേശം വന്നതിന് പിന്നാലെ സ്വകാര്യ സ്കൂളുകൾ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമയം അനുവദിച്ചിട്ടും കാമറ സ്ഥാപിക്കാൻ സ്കൂളുകൾ തയാറായില്ല. തുടർന്ന് ബസുകളിൽ കാമറ സ്ഥാപിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സ്കൂളുകളിൽ ബസുകളിൽ ഗതാഗത വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

എട്ട് സീറ്റുകൾക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളിലും കാമറകൾ ഘടിപ്പിക്കണമെന്ന് ഹൈകോടതി നിർദേശമുണ്ടായിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്കൂൾ ബസുകളിലും കാമറ സ്ഥാപിക്കാൻ ട്രാൻസ്പോർട്ട് കമീഷണർ നിർദേശം നൽകിയത്. 60 വയസ്സു കഴിഞ്ഞ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഡ്രൈവിങ് കാര്യശേഷി പരിശോധന നടത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നു. അടുത്തിടെ സംസ്ഥാനത്തുണ്ടായ സ്കൂൾ ബസ് അപകടങ്ങളിൽ കുറച്ച് പേർ 60 വയസ്സ് പിന്നിട്ടവരാണ്.

അപകടങ്ങളിൽ സമയോചിതമായി ഇടപെടുന്നതിൽ ഡ്രൈവർമാർക്ക് വീഴ്ചയുണ്ടായെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. അതിനാലാണ് 60 വയസ്സ് പിന്നിട്ട എല്ലാ ഡ്രൈവർമാർക്കും ഡ്രൈവിങ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വാഹനം ഓടിക്കുമ്പോൾ പെട്ടെന്നുണ്ടായ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാകും പ്രധാന പരിശോധന.

Tags:    
News Summary - Police clearance mandatory for school bus employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.