‘ആരാണ് സ്പാ തുടങ്ങുന്നത്, എന്താണവിടെ ചെയ്യുന്നത് എന്ന് ആർക്കും പിടിയില്ല; ലൈംഗികചൂഷണം പ്രധാന പ്രശ്നം’ പൂട്ടിക്കുമെന്ന് മന്ത്രി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന സ്പാകളെ നിയന്ത്രിക്കാൻ നിയമനിർമാണത്തെ പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരാണ് സ്പാകൾ ആരംഭിക്കുന്നതെന്നോ എന്താണ് ഇവർ ചെയ്യുന്നതെന്നോ ആർക്കും വലിയ പിടിയില്ല. ഇവിടങ്ങളിൽ ലൈംഗികചൂഷണം നടത്തുന്നത് പ്രധാന പ്രശ്നമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കേരള പൊലീസ് ‘ഓപറേഷൻ’ സ്പാ എന്ന പദ്ധതി നടപ്പാക്കുകയാണ്. അനധികൃതമായി സ്പാകൾ നടത്തുകയും അവിടെയൊക്കെ ലൈംഗിക ചൂഷണം വ്യാപകമാവുകയും ചെയ്യുന്നു എന്ന പരാതി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുനാല് ദിവസമായി കേരളത്തിൽ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.
സർക്കാറും പൊലീസും ഓപറേഷൻ സ്പാ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉടനീളം സ്പാകൾ ആരംഭിക്കുകയാണ്. ഇത് ആരാണ് ആരംഭിക്കുന്നതെന്നോ എന്ത് ആണ് ഇവർ ചെയ്യുന്നതെന്നോ ആർക്കും വലിയ പിടിയില്ല. ഇക്കാര്യത്തിൽ നിയമനിർമാണത്തെ പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്.
പെൺകുട്ടികളെ ചൂഷണം ചെയ്യുക, കുടുംബങ്ങളെ ചൂഷണം ചെയ്യുക, ആളുകളെ വഞ്ചിക്കുക, അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന നിലയിലാണ് ഇത്തരം സ്പാകൾ പ്രവർത്തിക്കുന്നത്. ലൈംഗിക ചൂഷണം ഒരു പ്രധാന പ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്.
ജോലി ചെയ്യാൻ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളെ കൊണ്ടുവരികയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് സംബന്ധിച്ച് നിരവധി പരാതികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അന്വേഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
യാതൊരു ഉത്തരവാദിത്വ ബോധവും ലൈസൻസും ഇല്ലാതെ നടത്തുന്ന ഇത്തര സ്പാകൾ അടിയന്തരമായി പൂട്ടണം. ഇത് ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ പറ്റില്ല. ഇത് നടത്തുന്ന ആളുകൾ തന്നെ അവസാനിപ്പിക്കണം. ശക്തമായ നിയമ നടപടികൾ ഇതിന്റെ പേരിൽ ഉണ്ടാകും. ഇപ്പോൾ തന്നെ റെയ്ഡുകളും കേസുകളും എടുത്തിട്ടുണ്ട്. ഇനി കുറെകൂടി ശക്തമാക്കും. നിയമം പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കും.
പെൺകുട്ടികളെ ചൂഷണം ചെയ്യുകയും പണം വാങ്ങി ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതടക്കം ധാരാളം തെറ്റായ നടപടികൾ പല സ്പാകളിലും നടക്കുന്നുണ്ട്. ചിലർ നന്നായി നടത്തുന്നവരും ഉണ്ട്. നിയമാനുസൃതമായ നടപടികൾ ഈ രംഗത്ത് വേണ്ടിവരും’ -അദ്ദേഹം പറഞ്ഞു.
ഓപറേഷൻ തൂഫാൻ വളരെ വിജയകരമായി ജനപിന്തുണയോടെ നടപ്പാക്കാൻ കേരള പൊലീസിന് സാധിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ‘ഓപറേഷൻ തൂഫാൻ കുറേക്കൂടി വ്യാപകമാക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്താനും ഉള്ള നടപടികളാണ് ഇപ്പോൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇപ്പോൾ ജനങ്ങൾ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിന്റെ ഫലമായി കേരളത്തിൽ മയക്കുമരുന്നതിന്റെ ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. 30 ശതമാനത്തിലേറെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അക്രമ സംഭവങ്ങൾ കുറയുന്നു. കൊലപാതകങ്ങളും ക്രമസമാധാന പ്രശ്നങ്ങളും വളരെയേറെ കുറയുന്നുണ്ട്.
അതുകൊണ്ട് ഓപറേഷൻ തൂഫാൻ കുറെകൂടി വ്യാപകമാക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള കർമ്മ പരിപാടിക്ക് രൂപം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എല്ലാ എസ്പിമാരുമായും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി. എല്ലാ മേഖലകളിലും ഇത് ശക്തിപ്പെടുത്താനും എല്ലാ ജില്ലകളിലും ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിപിയും ഓപറേഷൻ തുഫാന്റെ നോഡൽ ഓഫീസേഴ്സും പങ്കെടുത്തിരുന്നു. ഓപറേഷൻ തൂഫാന് എല്ലാ സ്ഥലങ്ങളിലും ഏറ്റവും കൂടുതൽ പിന്തുണ കിട്ടുന്നത് സ്ത്രീകളുടെ ഭാഗത്തു നിന്നാണ്’ -ചെന്നിത്തല പറഞ്ഞു.
മദ്യപിച്ച് വണ്ടി ഓടിക്കുന്നത് ഒരു കാരണവശാലും ഇനി കേരളത്തിൽ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ‘രണ്ടു ദിവസം കേരള പൊലീസ് വാഹനങ്ങൾ പരിശോധിച്ചതിൽ നിന്ന് ഏതാണ്ട് പതിനായിരത്തോളം ആളുകളെയാണ് മദ്യപിച്ചുള്ള ഡ്രൈവിങ്ങിന്റെ പേരിൽ പിടിച്ചത്. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കൽ അടക്കം മോട്ടോർ വാഹന നിയമപ്രകാരമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. ഉത്സവ സീസണുകൾ ആണ് ഇനി വരുന്നത്. മദ്യപിച്ച് വണ്ടി ഓടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ രാജ്യങ്ങളിലും ഇത് ശക്തമായ നിയമനിർമ്മാണത്തിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തിലും ശക്തമാക്കും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.