'പാക് സൈനിക മേധാവിക്ക് ട്രംപ് വൈറ്റ്ഹൗസിൽ വിരുന്നൊരുക്കിയത് ആശങ്കാജനകമാണ്, മോദിയല്ല രാജ്യമാണ് വലുതെന്ന് ഭക്തർ ഇനിയെങ്കിലും മനസ്സിലാക്കണം'; സന്ദീപ് വാര്യർ

പാലക്കാട്: നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം, പ്രത്യേകിച്ചും എസ് ജയശങ്കർ വിദേശകാര്യ മന്ത്രി ആയതിനുശേഷം ഇന്ത്യയുടെ വിദേശ നയത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

മുഴുവൻ അയൽ രാജ്യങ്ങളും ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പോയെന്നും മുൻപൊരിക്കലും ഇല്ലാത്തവിധം ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് ഇല്ലാതായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താൻ സൈനിക മേധാവിക്ക് വൈറ്റ് ഹൗസിൽ വിരുന്ന് നൽകിയത് ആശങ്കാജനകമാണെന്നും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഇത് അപകടമാണെന്ന് മോദി ഭക്തർ ഒഴിച്ച് തലയിൽ ആൾതാമസമുള്ള രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും സമ്മതിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

വിദേശ നയം എന്നത് ഒരു സർഗാത്മക ഇടപെടൽ കൂടിയാണ്. നെഹ്റു തുടങ്ങി വയ്ക്കുകയും ഇന്ദിരയും രാജീവും ഗുജ്റാളും വാജ്പേയിയും മൻമോഹൻസിങ്ങും തുടരുകയും ചെയ്ത ഒരു ശൈലിയുണ്ട് ഇന്ത്യയുടെ വിദേശ നയത്തിൽ. ആ നയത്തിൽ നിന്ന് നരേന്ദ്രമോദി വ്യതിചലിച്ച് നടക്കാൻ തുടങ്ങിയതുകൊണ്ടാണ് ഇന്നു കാണുന്ന ഒറ്റപ്പെടലിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്

"ഇന്ന് രാവിലെ മോദി സർക്കാർ വിദേശ നയം കൈകാര്യം ചെയ്യുന്നതിലെ പരാജയം സംബന്ധിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് വൈറ്റ്ഹൗസിൽ വിരുന്ന് നൽകിയത് സംബന്ധിച്ചായിരുന്നു എൻറെ പ്രതികരണം. പ്രതീക്ഷിച്ചതുപോലെ രാജ്യ താൽപര്യത്തിന് മുകളിൽ മോദി താൽപര്യം കയറ്റിവെച്ച ഭക്തർ അസഭ്യ കമന്റുകൾ ഇട്ടു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ബ്രീഫിങ്ങിനു പോയ ഇന്ത്യൻ സംഘത്തിന് പോലും അമേരിക്കൻ പ്രസിഡണ്ടിനെ കാണാൻ കഴിഞ്ഞില്ല എന്നതോർക്കണം. അപ്പോഴാണ് പരാജിതനായ അസീം മുനീറിനെ അമേരിക്കൻ പ്രസിഡണ്ട് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്നത്.

ഇന്നു വൈകിട്ട് ആകുമ്പോഴേക്കും പുറത്തുവരുന്ന വാർത്തകൾ കൂടുതൽ ആശങ്കാജനകമാണ്. പാക്കിസ്ഥാനും അമേരിക്കയും കൂടുതൽ അടുക്കുകയും പാക്കിസ്ഥാനുമായി സൈനിക സഹകരണത്തിന് ട്രംപ് വാഗ്ദാനം നൽകുകയും ചെയ്തിരിക്കുകയാണ്. പാക്കിസ്ഥാന് അത്യാധുനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും മിസൈലുകളും നൽകാനുള്ള സന്നദ്ധത ട്രംപ് അറിയിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഇത് അപകടമാണെന്ന് മോദി ഭക്തർ ഒഴിച്ച് തലയിൽ ആൾതാമസമുള്ള രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും സമ്മതിക്കും.

നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം , പ്രത്യേകിച്ചും എസ് ജയശങ്കർ വിദേശകാര്യ മന്ത്രി ആയതിനുശേഷം ഇന്ത്യയുടെ വിദേശ നയത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. മുഴുവൻ അയൽ രാജ്യങ്ങളും ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പോയി. പാക്കിസ്ഥാനും ചൈനയും നമുക്ക് വിടാം. പക്ഷേ നേപ്പാളും ബംഗ്ലാദേശും ശ്രീലങ്കയും മാലിദ്വീപും എന്തിനേറെ അഫ്ഗാനിസ്ഥാൻ വരെ ഇന്ത്യയിൽ നിന്ന് അകലുകയാണ്.

ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് കുറയുന്നു. മുൻപൊരിക്കലും ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. മൻമോഹൻസിംഗിന്റെ കാലത്താണ് ഇന്ത്യ സ്വന്തം താൽപര്യം പണയം വയ്ക്കാതെ ആണവകരാർ ഒപ്പിടുന്നത്. ലോകത്ത് മറ്റൊരു രാഷ്ട്രത്തിനും സാധിക്കാത്ത കാര്യം.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി കൊബ്രഗേഡയെ അമേരിക്കയിൽ വച്ച് അറസ്റ്റ് ചെയ്തപ്പോൾ ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള എല്ലാ പരിരക്ഷയും സുരക്ഷയും പിൻവലിച്ചു കൊണ്ടാണ് മൻമോഹൻ സിംഗ് തിരിച്ചടിച്ചത്. ഒടുവിൽ ഇന്ത്യൻ സമ്മർദ്ദത്തിന് അമേരിക്കയ്ക്ക് വഴങ്ങേണ്ടിവന്നു.

ഇന്ന് 56 നെഞ്ചളവുള്ള പ്രധാനമന്ത്രിയുടെ കാലത്ത് ഇന്ത്യൻ പൗരന്മാരെ മൃഗതുല്യം കൈകാൽ ചങ്ങലകളാൽ ബന്ധിച്ച് അമേരിക്കൻ സൈനിക വിമാനങ്ങളിൽ കൊണ്ടുവന്ന് ഇന്ത്യയിൽ തള്ളുന്നു.

വിദേശ നയം എന്നത് ഒരു സർഗാത്മക ഇടപെടൽ കൂടിയാണ്. നെഹ്റു തുടങ്ങി വയ്ക്കുകയും ഇന്ദിരയും രാജീവും ഗുജ്റാളും വാജ്പേയിയും മൻമോഹൻസിങ്ങും തുടരുകയും ചെയ്ത ഒരു ശൈലിയുണ്ട് ഇന്ത്യയുടെ വിദേശ നയത്തിൽ. ആ നയത്തിൽ നിന്ന് നരേന്ദ്രമോദി വ്യതിചലിച്ച് നടക്കാൻ തുടങ്ങിയതുകൊണ്ടാണ് ഇന്നു കാണുന്ന ഒറ്റപ്പെടലിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നത്. കൂടുതൽ ശത്രുക്കളെ സമ്പാദിക്കാനല്ലാതെ പുതിയൊരു മിത്രത്തെയും സമ്പാദിക്കാൻ മോദിയുടെ വിദേശ നയത്തിന് കഴിഞ്ഞിട്ടില്ല.

മോദിയല്ല രാജ്യമാണ് വലുതെന്ന് അന്ധ മോദി ഭക്തർ ഇനിയെങ്കിലും മനസ്സിലാക്കണം. എസ് ജയശങ്കർ എന്ന വായാടിയായ പരാജയപ്പെട്ട വിദേശമന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കുന്നത് രാജ്യതാല്പര്യത്തിന് ഹിതകരമാവില്ല."


Full View


Tags:    
News Summary - Sandeep Warrier sharply criticizes India's foreign policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.