ശബരിമല തീർഥാടകർക്ക്​ ഓൺലൈൻ ബുക്കിങ്​ തുടങ്ങി, 48 മണിക്കൂറിനകം മടങ്ങണം

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തെരഞ്ഞെടുക്കാൻ സംവിധാനം തുടങ്ങി. കാൽനടയായി പോകുന്നവർ ഒഴികെ നിലയ്​ക്കലിൽ എത്തുന്ന തീർഥാടകർക്ക്​ കെ.എസ്​.ആർ.ടി.സി ടിക്കറ്റ് നിർബന്ധമായതിനാൽ ടിക്കറ്റ് ബുക്കിങ്ങും ദർശന സമയം തെരഞ്ഞെടുക്കുന്നതും ഒരുമിച്ച്​ ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ. കെ.എസ്​.ആർ.ടി.സിയും പൊലീസും സംയുക്തമായാണ്​ സംവിധാനം ഒരുക്കിയിട്ടുള്ളത്.

www.sabarimalaq.com എന്ന പോർട്ടലിൽ ബസ്​ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദർശന സമയവും ലഭ്യമാകും. www.keralartc.com എന്ന വൈബ്സൈറ്റിൽ നേരിട്ടും ടിക്കറ്റ്​ ബുക്ക് ചെയ്യാം. ഒരു ടിക്കറ്റിൽ 10 പേർക്ക് വരെ ബുക്ക് ചെയ്യാം. ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്​ പ്രിൻറ് യാത്രക്ക്​ കൊണ്ടുവരണം. 48 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്​ ടിക്കറ്റ് (നിലയ്​ക്കൽ-പമ്പ-നിലയ്​ക്കൽ) ലഭിക്കും. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് മല കയറാം. ദർശനത്തിനുശേഷം പമ്പയിൽനിന്ന് നിലയ്​ക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് ഉപയോഗിക്കാം. 48 മണിക്കൂറിനകം തിരിച്ചുപോകണം.

കാൽനടയായി എത്തി ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർക്ക്​ ഓൺലൈനായും പമ്പയിൽനിന്ന് ടിക്കറ്റ് ലഭിക്കും. പമ്പാസ്​നാനത്തിനു ശേഷം തീർഥാടകരെ പമ്പയിൽ തുടരാൻ അനുവദിക്കില്ല. ഓൺലൈൻ ബുക്കിങ്​ ഇല്ലാതെ നിലയ്​ക്കലിൽ എത്തുന്ന തീർഥാടകർക്ക് അവിടെയുള്ള കെ.എസ്​.ആർ.ടി.സി ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് മുൻഗണനക്രമത്തിൽ ടിക്കറ്റ് നൽകും.

മറ്റു സ്​ഥലങ്ങളിൽനിന്ന് കെ.എസ്​.ആർ.ടി.സി ബസിൽ നേരിട്ട് പമ്പയിൽ എത്തുന്നവർക്ക് നിലയ്​ക്കലിൽനിന്ന് വീണ്ടും ബുക്കിങ്​ ആവശ്യമില്ല. മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് എത്തുന്നവരെ മരക്കൂട്ടത്തുനിന്ന് നടപ്പന്തൽവരെ എത്തുന്നതിന് അനുവദിച്ചിരുന്നു. ഈ വർഷവും പരിമിതമായ എണ്ണം തീർഥാടകർക്ക് ഈ സൗകര്യമുണ്ട്. ഇതിന്​ www.sabarimalaq.com എന്ന പോർട്ടൽ ഉപയോഗിക്കാം.


Tags:    
News Summary - Sabarimala online booking-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.