തിരുവനന്തപുരം: ശബരിമലയിൽനിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റ് പണമാക്കിയെന്ന് സമ്മതിച്ച് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തൽ. ഇതോടെ ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചനയും സംഘടിത മോഷണവുമാണെന്ന് തെളിയുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണക്കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയാണ്. ദ്വാരപാലക ശിൽപപാളിയിലെയും ശ്രീകോവിൽ വാതിലിന്‍റെ കട്ടിളപ്പടിയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ രണ്ടുകേസുകളിലുംകൂടി 13 പ്രതികളാണുള്ളത്. ഇവർക്ക് പുറമെ മറ്റ് ചിലരുടെയും പേരുകൾ അന്വേഷണ സംഘത്തോട് പോറ്റി പങ്കുവെച്ചു. സ്പോൺസർമാരിൽനിന്ന് ലഭിച്ച സ്വർണം പണമാക്കി ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും മൊഴി നൽകി.
അഞ്ചുപേരടങ്ങുന്ന സംഘം തന്നെ കവര്‍ച്ച നടത്താൻ ഉപയോഗിക്കുകയായിരുന്നെന്നും താൻ ഇടനിലക്കാരൻ മാത്രമാണെന്നും പോറ്റി മൊഴി നൽകി. ബംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലുമാണ് കൊള്ളയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത്. അവിടെനിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥരും പ്രവർത്തിച്ചത്. ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഈ മൊഴി.പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായതുൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമായാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൂടുതൽ സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
പോറ്റിയുടെ വീടുകള്‍, സഹായി വാസുദേവന്റെ വീട്, ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പൊറ്റിയെ എത്തിച്ച് തെളിവെടുക്കലാണ് അടുത്ത ഘട്ടം. മുന്നോടിയായി മുരാരി ബാബു ഉൾപ്പെടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യംചെയ്യും. കൽപേഷ്, നാഗേഷ് തുടങ്ങിയവരെ കണ്ടെത്താനും ശ്രമം നടക്കുന്നു. ശ്രീകോവിലിന്റെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിലും പോറ്റിയുടെ അറസ്റ്റ് ഉടനുണ്ടാവും. ഈ കേസിലും ഒന്നാംപ്രതി പോറ്റിയാണ്. 2019ലെ ദേവസ്വം ഭരണസമിതിയാണ് എട്ടാംപ്രതി. ചൊവ്വാഴ്ച ഹൈകോടതിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.