തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തത് കോടികളുടെ ഭൂമിയിടപാട് രേഖകളും സ്വർണാഭരണങ്ങളും. വട്ടിപ്പലിശക്ക് പണം നൽകി നിരവധിപേരുടെ ഭൂമി പോറ്റി സ്വന്തമാക്കിയതിനുള്ള തെളിവും ലഭിച്ചു.
കിളിമാനൂർ പുളിമാത്തെ കുടുംബവീട്ടിൽ ശനിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി 12.30വരെ നീണ്ട പരിശോധനയിലാണ് ആധാരങ്ങളുൾപ്പെടെ രേഖകളും സ്വർണാഭരണം, സ്വർണ നാണയം, പണം, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക് എന്നിവയും പിടിച്ചെടുത്തത്. മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക് എന്നിവ ശാസ്ത്രീയ പരിശോധന നടത്തും. പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പുളിമാത്ത് വില്ലേജ് ഓഫിസര്‍, പഞ്ചായത്തംഗം എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
2020നുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങി വട്ടിപ്പലിശക്ക് പണം നൽകിത്തുടങ്ങിയത്. നിരവധിപേരുടെ ഭൂമിയാണ് ഇതുവഴി തന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലേക്ക് അദ്ദേഹം മാറ്റിയത്. മൂന്ന് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയെന്ന് വ്യക്തമാക്കുന്ന രേഖകൾ എസ്.ഐ.ടിക്ക് ലഭിച്ചു. സ്വര്‍ണത്തിന്റെ പ്രതിഫലമായാണോ ഭൂമി കൈമാറിയതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പിടിച്ചെടുത്ത ആഭരണങ്ങൾക്ക് കൃത്യമായ രേഖകളില്ല. അവ തങ്ങള്‍ ഉപയോഗിക്കുന്ന ആഭരണങ്ങളാണെന്നാണ് കുടുംബം പറഞ്ഞത്. ഇത് കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്ന സമയത്ത് വീടിന്റെ വശത്തായി കടലാസുകൾ കത്തിച്ചനിലയിൽ കണ്ടത് കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചു. പ്രധാന രേഖകൾ എന്തെങ്കിലും നശിപ്പിക്കാൻ ശ്രമിച്ചോ എന്നാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.