ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം തുടങ്ങി

എരുമേലി: നിർദിഷ്ട വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തെ വീടുകളുടെയും നിർമിതികളുടെയും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിലാണ് സാമൂഹികാഘാത പഠനം ആരംഭിച്ചത്.

തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. ഇതിനായി അഞ്ച് ജീവനക്കാർ എരുമേലിയിൽ ക്യാമ്പ് ചെയ്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നടപടികൾ. റവന്യൂ വകുപ്പ് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളും സ്ഥലങ്ങളും കണ്ടെത്തുന്നത്. എസ്റ്റേറ്റിന് പുറത്ത് 370 ഏക്കർ സ്വകാര്യ ഭൂമി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നുണ്ട്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുള്ളത്. കൂടാതെ ഏറ്റെടുക്കുന്ന സ്വകാര്യ വസ്തുക്കളുടെ സർവേ നമ്പറുകളും സർക്കാർ പുറത്തുവിട്ടിരുന്നു. ഈ സ്വകാര്യ ഭൂമിയിലാണ് ഇപ്പോൾ സാമൂഹിതാഘാത പഠനം ആരംഭിച്ചിട്ടുള്ളത്. ജൂൺ വരെയാണ് സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്.

വീട്, സ്ഥലം, തൊഴിൽ, കൃഷി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുക, സ്ഥലം സംബന്ധിച്ച റവന്യൂ രേഖകൾ വിശദമായ പരിശോധന നടത്തുക തുടങ്ങിയവയാണ് സാമൂഹികാഘാത പഠനത്തിനുവേണ്ടി ഇവർ നടത്തുന്നത്. സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളുടെ ആശങ്ക, അഭിപ്രായം എന്നിവയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയും ഇവർ രേഖപ്പെടുത്തും സ്ഥലം വിട്ടുനൽകിയാൽ കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും രേഖപ്പെടുത്തും.

എല്ലാ കുടുംബങ്ങളുടെയും വിവരങ്ങൾ പ്രത്യേക പെർഫോമയിലാണ് രേഖപ്പെടുത്തുന്നത്. പെർഫോമ ജീവനക്കാരുടെ സഹായത്തോടെയാണ് പൂരിപ്പിക്കുന്നത്. പിന്നീട് സ്ഥലം വിട്ടുനൽകുന്നവരുടെ അദാലത്തും സംഘടിപ്പിക്കും.

Tags:    
News Summary - Sabarimala Airport: Social impact study started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.