വൈദ്യുതി പ്രതിസന്ധി: ചെറു ആണവ നിലയങ്ങൾ പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമായി ചെറു ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിഗണിക്കുന്നു. ആസൂത്രണ ബോർഡ് 15ാം പഞ്ചവത്സര പദ്ധതിക്കായി തയാറാക്കിയ സമീപന രേഖയിലാണ് ഈ നിർദേശം. നവംബർ അഞ്ചിന് ചേർന്ന ആസൂത്രണ ബോർഡ് യോഗം രേഖക്ക് അംഗീകാരം നൽകി. മുമ്പ് പലതവണ ആണവ നിലയ നിർദേശങ്ങളുണ്ടായെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പ്രധാന നിർദേശങ്ങളിലൊന്നാണ് ആണവ നിലയ പദ്ധതി. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ തദ്ദേശീയമായി ചെറു ആണവ റിയാക്ടറുകൾ (എസ്.എം.ആർ) വികസിപ്പിക്കാൻ ന്യൂക്ലിയർ എനർജി മിഷന് കീഴിൽ 20,000 കോടി രൂപ വകയിരുത്തിയിരുന്നു. 220 മെഗാവാട്ടിന്റെ ചെറു റിയാക്ടറുകൾ വികസിപ്പിക്കാനും കമീഷൻ ശ്രമിക്കുകയാണ്. എന്നാൽ, ഇതുവരെ ഇത്തരം റിയാക്ടറുകൾ രാജ്യത്ത് കമീഷൻ ചെയ്തിട്ടില്ല. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കേരളം ആലോചിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ജൂണിൽ കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി തയാറാക്കിയ ധവളപത്രത്തിലും ഭാവിയിലെ വൈദ്യുതി ഉൽപാദനത്തിന് ചെറു ആണവ റിയാക്ടറുകളുടെ സാധ്യത തേടാൻ നിർദേശിച്ചിരുന്നു. കെ.എം. ചന്ദ്രശേഖരൻ തന്നെയാണ് ഇപ്പോൾ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ. 2024ൽ കെ.എസ്.ഇ.ബി ചെയർമാനായിരുന്ന ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ 440 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഇതിനായി കാസർകോട് ചീമേനി, തൃശൂർ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളാണ് പരിഗണിച്ചത്. തീരദേശത്തെ മണലിലെ തോറിയം നിക്ഷേപം ഭാവിയിൽ ആണവോർജ ഉൽപാദനത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ എനർജി മാനേജ്മെന്റ് സെന്ററിനെയും ചുമതലപ്പെടുത്തിരുന്നു.
1980ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങോം, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ആണവ നിലയം സ്ഥാപിക്കാൻ നിർദേശമുണ്ടായെങ്കിലും സുരക്ഷാ-പരിസ്ഥിതി ആശങ്കകൾ ഉയർത്തി ജനകീയ പ്രക്ഷോഭങ്ങൾ വന്നതോടെ മുന്നോട്ടു പോകാനായില്ല. വൈകുന്നേരങ്ങളിൽ 438 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുന്നുവെന്നാണ് ആസൂത്രണ ബോർഡിന്റെ രേഖയിൽ പറയുന്നത്. വൈദ്യുതി ഉപഭോഗം കൂടുതൽ വരുന്ന സ്ഥലത്ത് വലിയ ബാറ്ററി സംവിധാനങ്ങൾ (ബെസ്) സ്ഥാപിക്കണം. പെരിഞ്ഞനത്ത് നടപ്പാക്കിയ മാതൃകയും രേഖയിൽ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന വെള്ളം വീണ്ടും സംഭരണികളിലെത്തിച്ച് ഉൽപാദനം നടത്തുന്ന ‘പമ്പ്ഡ് ഹൈഡ്രോ പദ്ധതി’കളുടെ സാധ്യതകൾ പരിശോധിക്കുക, ദിവസം മുഴുവൻ വൈദ്യുതി ലഭ്യമാക്കാൻ ദീർഘകാല കരാറുകൾ, സമയത്തിനനുസരിച്ച താരിഫ്, ഊർജ മേഖലയുടെ സാമ്പത്തിക ഭദ്രത എന്നിവയും സമീപന രേഖയിലുണ്ട്. ഗ്രീൻ ഹൈഡ്രജൻ, കടലിൽ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ സാധ്യതയും തേടും.
അനുയോജ്യമാണോ എന്ന് പരിശോധിക്കും
ചെറു ആണവ റിയാക്ടറുകൾ സംസ്ഥാനത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സമീപന രേഖയിൽ പറയുന്നു. ഇവയുടെ സുരക്ഷ, സ്ഥാപിക്കേണ്ട സ്ഥലം, വൈദ്യുതി ഗ്രിഡിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയും പഠിക്കും. ആണവ പദ്ധതികൾ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടതാണെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുക, ഗ്രിഡ് സജ്ജമാക്കുക, വിവിധ തലങ്ങളിൽ ചർച്ച നടത്തുക തുടങ്ങിയവ സംസ്ഥാന ചുമതലയിലാണ്. എല്ലാ സാധ്യതകളും തുറന്നിട്ട്, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.