വേദിയിൽ ആർ.എസ്.എസ് ചിത്രം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി വകുപ്പ്. ആഘോഷത്തിന്‍റെ ഭാഗമായി വേദിയിൽ സ്ഥാപിച്ച ആർ.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്‍റെ ചിത്രത്തെ ചൊല്ലിയാണ് ചടങ്ങ് ബഹിഷ്കരിച്ചത്.

ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയിൽനിന്ന് ചിത്രം മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ഗവർണർ തള്ളി.

ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെയാണ് രാജ്ഭവനിൽനിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദർബാർ ഹാളിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. കാവിക്കൊടി പിടിച്ച ഭാരതമാതാവിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്. പൊതുവെ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമല്ല രാജ്ഭവൻ ഉപയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമാണെങ്കിൽ സർക്കാറിന് എതിർപ്പില്ല. ആർ.എസ്.എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രം എങ്ങനെ സർക്കാർ പരിപാടിയിൽ ഉപയോഗിക്കാനാകും. ചിത്രം മാറ്റാൻ രാജ്ഭവൻ തയാറാകാതെ വന്നതോടെയാണ് പരിപാടി മാറ്റിയത്. രാജ്ഭവൻ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ചിത്രം ആർ.എസ്.എസ് വേദിയിലുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു. രാജ്ഭവനെ ആർ.എസ്.എസ് കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - RSS picture on stage, Agriculture Minister boycotts Environment Day celebrations at Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.