കോണ്‍ഗ്രസ് പദയാത്രയില്‍ ആർ.എസ്.എസ് ഗണഗീതം; വിവാദമായതോടെ പരിപാടിയുടെ വിഡിയോകൾ നീക്കി

തിരുവനന്തപുരം: എ.ഐ.സി.സി ആഹ്വാനപ്രകാരം സംഘടിപ്പിച്ച കോണ്‍ഗ്രസ് നവസങ്കൽപ പദയാത്രയില്‍ ആർ.എസ്.എസിന്റെ ഗണഗീതം. ആർ.എസ്.എസ് ശാഖകളിലും ക്യാമ്പുകളിലും പാടുന്ന 'കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും' എന്ന ഗീതമാണ് നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ അനൗൺസ്മെന്റുകൾക്കിടയിൽ ഉയർന്നത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വിമര്‍ശനം ശക്തമായതോടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വിഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കി. നവസങ്കല്‍പ് യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയിലാണ് ഗണഗീതം കേട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

ആർ.എസ്.എസിന്റെ ഗാനാഞ്ജലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണിത്. മുതിര്‍ന്ന പ്രചാരകനായിരുന്ന പി. പരമേശ്വരന്‍ അടക്കമുള്ളവരാണ് ഇതിലെ ഗാനങ്ങൾ രചിച്ചത്. ഈ ഗാനം എങ്ങനെ കോണ്‍ഗ്രസിന്റെ പദയാത്രയില്‍ എത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.

ഗാനം റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് അറിയില്ലായിരുന്നെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീനോ അലക്‌സ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്റ്റുഡിയോയിൽനിന്നാണ് റാലിയിലെ അനൗണ്‍സ്‌മെന്റ് റെക്കോര്‍ഡ് ചെയ്തത്. അബദ്ധത്തില്‍ ഗണഗീതം ഉള്‍പ്പെട്ടതാകാമെന്നാണ് നേതാക്കള്‍ പറയുന്നത്. 

Tags:    
News Summary - RSS Gangeetham at Congress Navsankalpa Padayatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.