‘എസ്എഫ്ഐ നടത്തിയ അക്രമത്തിന്റെ വിഡിയോ ഉണ്ടെങ്കിൽ അവർ പുറത്തുവിടാതിരിക്കില്ലല്ലോ, റോജി എം. ജോൺ മാപ്പ് പറയണം’ -പി.എസ്. സഞ്ജീവ്

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തി വിദ്യാർഥികളെ അക്രമികളായി ചിത്രീകരിക്കാൻ കോൺഗ്രസും യു.ഡി.എഫും ഗൂഢശ്രമം നടത്തുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സമരത്തെ 'അപരിഷ്കൃതം' എന്ന് അധിക്ഷേപിച്ച മന്ത്രി റോജി എം. ജോൺ, പൊതുസമൂഹവും സാംസ്കാരിക ലോകവും വിദ്യാർഥികൾക്കൊപ്പം അണിനിരന്നത് കണ്ടാണ് ഇപ്പോൾ നിലപാട് മാറ്റിയതെന്നും അദ്ദേഹം വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

സിൻഡിക്കേറ്റ് റൂമിൽ അതിക്രമിച്ചു കയറി വി.സി സിസ തോമസിനെയും അംഗങ്ങളെയും ആക്രമിച്ചെന്ന പ്രചാരണം പൂർണമായും അസത്യമാണ്. അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലെ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും അക്രമത്തിന്റെ തെളിവുകളില്ല. തങ്ങൾക്കെതിരെ ഒരു തെളിവുണ്ടായിരുന്നെങ്കിൽ മാധ്യമങ്ങളും സർവകലാശാലയും അത് പുറത്തുവിടുമായിരുന്നു. ആഗസ്റ്റ് 30-ന് നടന്ന മാർച്ചിൽ എറണാകുളം റേഞ്ച് ഡി.സി.പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, പൊലീസുകാർക്കൊപ്പം മൂന്ന് വിദ്യാർഥികൾ മാത്രമാണ് വി.സിയെ കാണാൻ മുറിയിൽ കയറിയത്. എന്നാൽ സംസാരിക്കാൻ തയ്യാറാകാതെ വി.സി ഇറങ്ങിപ്പോകുകയാണ് ചെയ്തത്. അത്തരമൊരു അക്രമം നടന്നിട്ടുണ്ടെങ്കിൽ അന്നത്തെ എഫ്.ഐ.ആറിൽ എന്തുകൊണ്ട് അത് വന്നില്ലെന്ന് സഞ്ജീവ് ചോദിച്ചു.

‘ആ സിൻഡിക്കേറ്റ് മാർച്ചിൽ മൂന്നേ മൂന്ന് വിദ്യാർഥികളെയാണ് വിസിയെ കാണാൻ അനുവദിച്ചത്. ഒപ്പം നാല് പൊലീസുകാരാണ് പോയത്. അഞ്ചു മിനിറ്റ് തരാം നിങ്ങൾ പറയാൻ തുടങ്ങിക്കോ എന്ന് പറഞ്ഞു പറയുന്നതിനു മുമ്പ് ഇറങ്ങിപ്പോയ ആളാണ് സിസ തോമസ്. അവിടെ അങ്ങനെ ഒരു അക്രമം നടന്നിട്ടുണ്ടെങ്കിൽ എഫ്ഐആർ എവിടെ? ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ മുന്നിൽ വിസിയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു പ്രസ്താവന വരില്ലേ.

സിസിടിവി വിഷ്വൽ ഇല്ല എന്നല്ലേ ഇവർ പറയുന്നത്. സിസിടിവി ഉള്ള ഇടമാണ് ഈ പ്രദേശം ഒക്കെ. സിസിടിവി ഇല്ലാത്ത ഒരു ഇടം ഈ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ഇല്ല. ഉണ്ടെങ്കിലും ഇനി അത് അവർ ഇല്ലാതാക്കും. പുറത്തു കാണിക്കില്ല. എസ്എഫ്ഐ നടത്തുന്ന അക്രമത്തിന്റെ ഒരു വിഡിയോ അവരുടെ കയ്യിലുണ്ട് അവർ പുറത്തു വിടാതിരിക്കില്ലല്ലോ. അപ്പോൾ സ്വാഭാവികമായിട്ടും സിസിടിവി ഉള്ളിടമായിട്ടും ഞങ്ങൾക്കെതിരെ ഒരു വിഡിയോ ഇല്ല’ -സഞ്ജീവ് പറഞ്ഞു.

കഴിഞ്ഞ 60 ദിവസമായി കുട്ടികൾ സസ്‌പെൻഷനിലാണ്. എന്നാൽ ഒരു സിൻഡിക്കേറ്റ് അംഗം പോലും തങ്ങൾ ആക്രമിക്കപ്പെട്ടു എന്ന് ഇതുവരെ പരാതിപ്പെട്ടിട്ടില്ല. പിന്നീട് വി.സി സ്വയം ഉണ്ടാക്കിയെടുത്ത കള്ളക്കേസിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഗവർണറും നടപടിയെടുത്തത്.

‘മാപ്പ് പറഞ്ഞാൽ കേസും നടപടികളും ഒഴിവാക്കാം’ എന്ന സിൻഡിക്കേറ്റിന്റെയും യു.ഡി.എഫിന്റെയും നിലപാട് പണ്ട് മാപ്പെഴുതി വാങ്ങി വെറുതെ വിട്ടിരുന്ന ബ്രിട്ടീഷ് ലൈനിലാണ്. നാടകം കളിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ദേശീയ-സംസ്ഥാന അവാർഡ് ജേതാവായ ശിവകുമാർ, ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് പ്രതിസന്ധികളോട് പടവെട്ടി ഗവേഷണത്തിനെത്തിയ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി ഋതുഷ തുടങ്ങിയ 16 കുട്ടികളുടെ ഭാവി 60 ദിവസത്തെ സസ്‌പെൻഷനിലൂടെ ഇല്ലാതാക്കാനാണ് സർവകലാശാല അധികൃതർ ശ്രമിക്കുന്നത്.

ക്യാമ്പസുകളിൽ എസ്.എഫ്.ഐയെ രാഷ്ട്രീയമായി തോൽപ്പിക്കാൻ സാധിക്കാത്തതിലുള്ള ഹാലിളക്കമാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ. കെ.എസ്.യുവും എ.ബി.വി.പിയും കാമ്പസുകളിൽ രാഷ്ട്രീയമായി പണിയെടുത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കാൻ നോക്കണം. അല്ലാതെ കള്ളപ്രചാരണങ്ങൾ നടത്തിയും കേസെടുത്തും എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും അത് പ്രതിരോധിക്കുമെന്നും പി.എസ്. സഞ്ജീവ് വ്യക്തമാക്കി.

Tags:    
News Summary - Roji M John must apologise: P.S. Sanjeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.