കേരളത്തിലെ പിഴയൊക്കെ ചെറുത്!; റോബിൻ ബസിന് തമിഴ്‌നാട്ടിൽ പിഴയിട്ടത് 70,410 രൂപ

കോയമ്പത്തൂർ: കേരളത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സർവിസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ. 70,410 രൂപയാണ് ചാവടി ചെക് പോസ്റ്റിൽ അടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവിസ് നടത്തിയതിനാണ് നടപടി. അനധികൃതമായി സർവിസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവിസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവിസ് നടത്താനാവും.

ശനിയാഴ്ച പുലർച്ചെ അഞ്ചിന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് പുറപ്പെട്ടയുടൻ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി തടയുകയും പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിടുകയും ചെയ്തിരുന്നു. എന്നാൽ, ബസ് പിടിച്ചെടുത്തിരുന്നില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും തൃശൂർ പുതുക്കാട്ടും തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം പിഴയും ചുമത്തി. സംഭവം വിവാദമായതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ എം.വി.ഡി ഉദ്യോഗസ്ഥരെ കൂവി വിളിക്കുകയും പലയിടത്തും ബസിന് സ്വീകരണവും നൽകുകയും ചെയ്തിരുന്നു. 37,500 രൂപ ഇതുവരെ കേരളത്തിൽനിന്ന് പിഴയിട്ടതായി ബസുടമ പറഞ്ഞു. ഇതിന് പുറമെ മറ്റു ചലാനുകൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വിസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ എം.വി.ഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. 45 ദിവസങ്ങൾക്ക് ശേഷം കുറവുകൾ പരിഹരിച്ച് ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഒക്ടോബര്‍ 16ന് സര്‍വിസ് പുനരാരംഭിച്ചു. റാന്നിയില്‍ വെച്ച് ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16ന് വീണ്ടും സർവിസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ എം.വി.ഡി ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. എന്നാൽ, വാഹനം ഉടമക്ക് തിരികെ നൽകണമെന്ന് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ബസ് തിരികെ ലഭിച്ചത്.

ഹൈകോടതി സംരക്ഷണത്തിലാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതേസമയം, നാളെയും സർവിസ് നടത്തുമെന്ന് റോബിൻ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ, റോബിൻ ബസിനെ പൂട്ടാൻ സമാന്തര സർവിസുമായി കെ.എസ്.ആർ.ടി.സിയും രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ 4.30ന് കോയമ്പത്തൂരിലേക്ക് വോൾവോ എ.സി ബസ് സർവിസ് നടത്തുമെന്നാണ് അറിയിപ്പ്. 

Tags:    
News Summary - Robin Bus was fined Rs 70,410 in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.