ഓർക്കുക, റോഡിൽ നിങ്ങൾ ഡ്രൈവർ മാത്രമാണ്

അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിലിടിച്ച് ഇടപ്പള്ളിയിൽ രണ്ടു യുവാക്കൾ മരിച്ചത് ശനിയാഴ്ചയാണ്. ബൈക്ക് യാത്രികനായ ആന്ധ്രപ്രദേശ് സ്വദേശിയും എൻജിനീയറുമായ ജിതേന്ദ്ര വല്ലൂരി (27), കാറിലുണ്ടായിരുന്ന മുളവുകാട് സ്വദേശി റോയിസ് ജോൺ (19) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കുന്നുംപുറത്തിന്​ സമീപം പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. മരടിൽ വെള്ളിയാഴ്ച ബി.ബി.എ വിദ്യാർഥിനി മരിച്ചത് കണ്ടെയ്നർ ലോറിയിൽ സ്കൂട്ടർ ഇടിച്ചതിനെത്തുടർന്നാണ്. സ്കൂട്ടർ ഓടിച്ചിരുന്ന മരട് സ്വദേശി കാർത്തിക പി. വിജയനാണ്​ (21)  മരിച്ചത്. ഒപ്പം യാത്ര ചെയ്ത സഹപാഠി പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരേ ദിശയിൽവരുന്നതിനിടെയാണ് സ്കൂട്ടർ ലോറിയിൽ ഇടിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. 

പെട്രോൾ പമ്പിൽനിന്നും ബസ് റോഡിലേക്ക്​ പിന്നോട്ടു എടുക്കുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചാണ് സീപോർട്ട്^എയർപോർട്ട് റോഡിൽ അപകടമുണ്ടായത്. പത്തനംതിട്ട സ്വദേശി സി.ജെ. സാമുവൽ കുട്ടിയുടെ (51) ജീവനാണ് പൊലിഞ്ഞത്. സാമുവലി​​െൻറ ദേഹത്തുകൂടി കയറിയിറങ്ങിയ ബസ് ടെലിഫോൺ ഇടിച്ചുതെറിപ്പിച്ച് സമീപത്തെ തടിമില്ലി​​െൻറ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടത്തെക്കുറിച്ചുള്ള വിവരണമാണിത്. അപകടസ്ഥലം, സമയം, മരിച്ചവരുടെ പ്രായം എന്നിവ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. 

ചിലപ്പോൾ, അപകടം പതിവായ ഇടങ്ങളുണ്ടാകും. അശ്രദ്ധ, അമിതവേഗം, യാത്ര-ഉറക്ക ക്ഷീണം, അശാസ്ത്രീയ ഗതാഗത പരിഷ്കരണം, റോഡുകളുടെ ശോച്യാവസ്ഥ, വാഹനങ്ങളുടെ തിരക്ക് എന്നിങ്ങനെ കാരണങ്ങൾ അക്കമിട്ടു ബോധവത്കരണം നടത്തുമ്പോഴും ജില്ലയിലെ വാഹനാപകടത്തി​​െൻറ തോത് വർധിക്കുകയാണ്.ഈവർഷം മാർച്ച് വരെയുള്ള പൊലീസ് കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലയിൽ 1586 വാഹനാപകടങ്ങളാണ് രജിസ്​റ്റർ ചെയ്തത്. 107 പേർ മരിച്ചു. 1610 പേർക്ക്​ പരിക്കേറ്റു. സംസ്ഥാനത്ത് ഈവർഷം മാർച്ച് വരെ 10568 അപകടങ്ങൾ റിപ്പോർട്ട് െചയ്തു. 1104 പേർ മരിച്ചപ്പോൾ പരിക്കേറ്റവർ 11852 ആണ്.

കുറഞ്ഞ സമയം കൂടുതൽ വേഗം
സമയം തെറ്റാതെ ലക്ഷ്യത്തിലെത്താൻ അമിതവേഗത്തിൽ വാഹനം ഒാടിക്കുന്നതാണ് നിരത്തുകളിൽ ചോര പൊടിയാനുള്ള പ്രധാന കാരണമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ ആധിക്യം, മോശം റോഡുകൾ, അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾ എന്നിവയുമായി മത്സരിച്ചാണ് പലരും വാഹനങ്ങൾ പായിക്കുന്നത്. അതിനിടെ സഹയാത്രികരെയോ വാഹനങ്ങളെയോ പലരും പരിഗണിക്കാറില്ല. ദേശീയ, സംസ്ഥാന പാതകളിലും ഇടറോഡുകളിലുമൊക്കെ വാഹനങ്ങൾക്ക് വേഗ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല. വേഗമേറിയ പുതുതലമുറ വാഹനങ്ങളിൽ ചീറിപ്പായുകയാണ് പലരും. രാത്രി വേഗവും സ്​റ്റൈലുമൊക്കെ കൂടുന്നതനുസരിച്ച് അപകടവും വർധിക്കുന്നു.

മുന്നിൽ ഇരുചക്രവാഹനങ്ങൾ 
അപകടങ്ങളിൽപെടുന്നതിൽ 70 ശതമാനത്തിലധികവും ഇരുചക്ര വാഹനങ്ങളാണ്. പെട്ടെന്ന്​ ശരീരമിടിച്ചു തെറിച്ചുവീഴുന്നതിനാൽ പരിക്കും മരണനിരക്കും ഉയർന്നിരിക്കും. മണിക്കൂറില്‍ 50 കി.മീ വേഗത്തിലോടുന്ന വാഹനത്തില്‍നിന്ന്​ വീഴുമ്പോഴുണ്ടാവുന്ന ആഘാതം ഏകദേശം മൂന്നുനില കെട്ടിടത്തില്‍നിന്ന് വീഴുന്നതിന് തുല്യമാണ്. കാർ, ജീപ്പ് പോലുള്ള നാലുചക്ര വാഹനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ട്രക്കുകൾ, കണ്ടെയ്നറുകൾ, ലോറികൾ ഉൾപ്പെടുന്ന ഭാര വാഹനങ്ങളാണ് മൂന്നാം സ്ഥാനക്കാർ. ബസ്, മുച്ചക്രം എന്നിങ്ങനെയാണ് തുടർന്നുള്ള പട്ടിക. മണിക്കൂറില്‍ 100 കി.മീ വേഗത്തിലോടുന്ന വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍നിന്ന് താഴെ വീഴുന്ന ആഘാതമാണുണ്ടാക്കുക. ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയോ നേർക്കുനേരുള്ള ഇടിയിലോ ആഘാതമേറും.  

തെറ്റായ ദിശയിലൂടെ വാഹനങ്ങൾ മറികടക്കുക, വേഗമേറിയ അഭ്യാസങ്ങൾ, എതിർദിശയിലോ ഒരേ ദിശയിലോ നീങ്ങുന്ന വാഹനങ്ങളുടെ വേഗം കണക്കുകൂട്ടുന്നതിലുണ്ടാകുന്ന പാകപ്പിഴ, ഹെൽമറ്റില്ലാത്ത യാത്ര, അശ്രദ്ധ എന്നിവയാണ് ബൈക്ക് അപകടങ്ങളിൽ മരണനിരക്ക് വർധിപ്പിക്കുന്നത്. റോഡുകളിലെ കുഴികളും മറ്റും ഒഴിവാക്കാൻ പെട്ടെന്നു നടത്തുന്ന ശ്രമങ്ങൾപോലും അപകടത്തിന് കാരണമാകുന്നു. റോഡിൽ ശ്രദ്ധിക്കാതെയുള്ള യാത്രകളാണ് മറ്റു വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണമാകുന്നത്. മതിമറന്ന് സംസാരിക്കുക, പാട്ടിൽ ലയിച്ചിരിക്കുക, റോഡും ഘടനയും ഗതാഗത സൂചനകളും ശ്രദ്ധിക്കാതിരിക്കുക, മറ്റു വാഹനങ്ങളെ പരിഗണിക്കാതിരിക്കുക എന്നിവയും കാരണമാകുന്നുണ്ട്. ദീർഘദൂര യാത്രകളിൽ വിശ്രമം കൂടാതെയുള്ള ഡ്രൈവിങ്ങാണ് കൂട്ടമരണങ്ങൾക്ക് വഴിവെക്കുന്നത്.

ക്ഷമയില്ല, ഗതാഗത നിയമങ്ങളോടും അനിഷ്​ടം
യാത്രയിൽ അൽപം ക്ഷമിക്കാനോ ഗതാഗത നിയമങ്ങൾ പാലിക്കാനോ തയാറാകാത്തതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് എറണാകുളം ജോയൻറ് ആർ.ടി.ഒ  കെ.എൽ. ഫ്രാങ്ക്്ളിൻ പറയുന്നു. തിരക്കു മാറാനോ, മറ്റൊരു വാഹനം സൈഡ് തരുന്നതുവരെ കാത്തിരിക്കാനോ ആരും തയാറാകുന്നില്ല. ആദ്യം മുന്നിലെത്താനുള്ള മത്സരമാണ് പലപ്പോഴും. ആദ്യം സ്​റ്റാർട്ട് ചെയ്താൽ പറക്കാൻ വെമ്പിയാണ് സിഗ്​നലിൽ വാഹനങ്ങൾ കാത്തുകിടക്കുന്നത്. അവിെട വിട്ടുവീഴ്ചകളില്ല. ഇതിനിടെ ഗതാഗത നിയമങ്ങളും മറക്കും. ആറുവരി റോഡിലെന്ന പോലെയാണ് ഇവിടെ സഞ്ചാരം. മോശം റോഡുകളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കുഴിയും അപകടവുമൊഴിവാക്കാൻ നടത്തുന്ന ശ്രമങ്ങൾ വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമാകുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പം കുറച്ചുകാണേണ്ട ഒന്നല്ല. റോഡുകളുടെ ശേഷിയേക്കാൾ അധികമാണ് വാഹനങ്ങൾ. ഗതാഗതക്കുരുക്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ വൈകുന്നതും മികച്ച പൊതുഗതാഗത സംവിധാനത്തി​​െൻറ അഭാവവുമാണ് പലപ്പോഴും സ്വകാര്യ വാഹനങ്ങൾ നിരത്തിലൊഴുകാൻ കാരണം. പൊതുഗതാഗതം മെച്ചപ്പെടുത്തേണ്ടതുണ്ട്. നിരന്തരം ബസ് സർവിസുകളും, കൂടുതൽ സ്ഥലങ്ങളിലേക്ക് മെട്രോ സർവിസ് ദീർഘിപ്പിക്കുന്നതിനൊപ്പം നിരക്കും കുറച്ചാൽ ആളുകൾ അവയെ ആശ്രയിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വേഗ പരിധി മണിക്കൂറിൽ
(സ്ഥലം: നാലുചക്ര വാഹനം, ഇരുചക്ര വാഹനം)

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികെ: 30 കി.മീ, 30 കി.മീ
  • മലമ്പാത: 45 കി.മീ, 45 കി.മീ
  • കോർപറേഷൻ, മുനിസിപ്പൽ ഏരിയ: 50 കി.മീ, 50 കി.മീ  
  • ദേശീയപാത: 85 കി.മീ, 60 കി.മീ
  • സംസ്ഥാനപാത: 80 കി.മീ, 50 കി.മീ
  • നാലുവരി പാത: 90 കി.മീ, 70 കി.മീ
  • മറ്റു സ്ഥലങ്ങള്‍: 70കി.മീ, 50 കി.മീ
Tags:    
News Summary - road safety- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.