റോഡ് സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകി; വിശദീകരണം തേടി മന്ത്രി, തെറ്റില്ലെന്ന് മേയർ

തിരുവനന്തപുരം: ആയുർവേദ കോളജ് ജങ്ഷനിൽ ദേവസ്വം ബോർഡ് ബിൽഡിങ്ങിന് സമീപത്തെ റോഡ് സ്വകാര്യ ഹോട്ടലിന് പ്രതിമാസം 5000 രൂപ വാടകക്ക് പാർക്കിങ്ങിനായി അനുവദിച്ച കോർപറേഷൻ തീരുമാനം വിവാദത്തിൽ.

നേരേത്ത പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് മുൻ എം.പിയുടെ ബന്ധുവിന് കൈമാറിയത്. സ്വകാര്യവ്യക്തിക്ക് കൈമാറിയതോടെ മറ്റ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ ഹോട്ടലുകാർ അനുവദിക്കാത്തതാണ് വിവാദത്തിന് കാരണം. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോർപറേഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

സ്വകാര്യ ഹോട്ടലിന് പാർക്കിങ് ഏരിയ അനുവദിച്ച കോർപറേഷൻ നടപടിയിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നിഴലിക്കുന്നതെന്ന് യു.ഡി.എഫ് നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ പി. പത്മകുമാർ ആരോപിച്ചു.

ഇപ്പോൾ മാർക്സിസ്റ്റ്‌ പാർട്ടി സഹയാത്രികനായ സ്വകാര്യ ഹോട്ടൽ ഉടമക്ക് പ്രതിമാസം 5000 രൂപ വാടക നിശ്ചയിച്ച് സെക്രട്ടറി കരാർ ഒപ്പുവെച്ചത് മേയറുടെയും പാർട്ടി നേതാക്കളുടെയും പിൻബലത്തോടെയാണെന്ന് പത്മകുമാർ ആരോപിച്ചു.

അതേസമയം ആരോപണങ്ങൾ തള്ളി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. ജൂൺ 13ന് മേയറുടെ അധ്യക്ഷതയിൽ പൊലീസ് ഉദ്യോഗസ്ഥർ, ഉന്നത പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്ത ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കരാറടിസ്ഥാനത്തിൽ ഹോട്ടലിന് പാർക്കിങ് അനുവദിച്ചതെന്നും 2017 മുതൽ കരാർ അടിസ്ഥാനത്തിൽ പാർക്കിങ് ഏരിയ വാടകക്ക് നൽകാറുണ്ടെന്നും മേയർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറക്ക് മാസ വാടകക്ക് നൽകും. ഈ പ്രദേശത്ത് വാർഡന്മാർ പണം പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് പണം നൽകും. എന്നാൽ ഇവിടെ പാർക്കിങ്ങിനായി എത്തുന്ന ആരെയും തടയാൻ അപേക്ഷകന് അധികാരമില്ല.

ആയുർവേദ കോളജിന് സമീപത്തെ ബിൽഡിങ്ങിന് മുൻവശത്തെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ പണം പിരിക്കേണ്ടതില്ലെന്നും തുക കടയുടമ നൽകാമെന്നുമാണ് പറഞ്ഞിരുന്നത്. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും അനുമതി നൽകുകയുമായിരുന്നു.

നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയാറാക്കിയ കരാറിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിങ്ങിനായി എത്തുന്ന ആരെയും തടസ്സപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്.

ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി നഗരസഭ സ്വീകരിക്കുമെന്നും മേയറുടെ വാർത്തക്കുറിപ്പിൽ പറയുന്നു. അതേസമയം ഭരണസമിതി തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

നിയമസഭയിൽ ജി. സുധാകരൻ പറഞ്ഞു; പാർക്കിങ് ഫീസ് ചട്ടവിരുദ്ധം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകളിൽ തിരുവനന്തപുരം കോർപറേഷൻ നേരിട്ട് വാഹന ഉടമകളിൽനിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നതിനെച്ചൊല്ലി മുമ്പും വിവാദം. മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കോർപറേഷന്‍റെ പണപ്പിരിവിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

എന്നാൽ മന്ത്രിയുടെ വിമർശനത്തെ അപ്പാടെ തള്ളി അന്നത്തെ മേയർ വി.കെ. പ്രശാന്ത് നേതൃത്വം നൽകിയ കോർപറേഷൻ ഭരണസമിതി മുന്നോട്ടുപോയതോടെ സി.പി.എം ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരം കലക്ടറായിരുന്ന ബിജു പ്രഭാകറാണ് ഏറെ തിരക്കുള്ള എം.ജി റോഡിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്നുവന്ന മേയർ വി.കെ. പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഈ ഭരണ പരിഷ്കാരം ഏറ്റെടുക്കുകയും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാഹന ഉടമകളിൽനിന്ന് പണം പിരിക്കാൻ പ്രത്യേക വാർഡൻമാരെ നിയമിക്കുകയും ചെയ്തു.

എന്നാൽ പൊതുമരാമത്ത് വകുപ്പ് അറിയാതെ വകുപ്പിന് കീഴിലുള്ള റോഡുകളിൽ കോർപറേഷൻ നടത്തുന്ന പിരിവ് മന്ത്രി സുധാകരനെ ചൊടിപ്പിച്ചു. നിയമസഭയിലടക്കം മന്ത്രി കോർപറേഷനെ തള്ളിപ്പറഞ്ഞു.

ഇത്തരത്തിൽ പിരിവ് നടത്താൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ചില ഐ.എ.എസുകാർക്കുപോലും ചട്ടങ്ങൾ അറിയില്ലെന്നും സുധാകരൻ തുറന്നടിച്ചു. പിരിവ് നടത്താൻ ഉപദേശക സമിതിക്ക് ഒരു നിയമാധികാരവുമില്ല, പക്ഷേ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കർശന നിലപാടിനെ തുടർന്ന് പാർക്കിങ് ഫീസ് അടിയന്തരമായി അവസാനിപ്പിക്കാൻ തിരുവനന്തപുരം ദേശീയപാത വിഭാഗം എക്സി. എൻജിനീയർ 2019 േമയ് 22ന് കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും പിരിവ് തുടരാനായിരുന്നു തീരുമാനം.

2011ലെ സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ സര്‍ക്കുലറായിരുന്നു ഇതിനുള്ള കോർപറേഷന്‍റെ ആയുധം. സര്‍ക്കുലര്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ട്രാഫിക് ക്രമീകരണ കമ്മിറ്റികള്‍ രൂപവത്കരിച്ച് ഫീസ് ഈടാക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലാണ് റോഡെങ്കിലും വൃത്തിയാക്കേണ്ടത് നഗരസഭയാണെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. തുടർന്ന് വിഷയത്തിൽ പാർട്ടി ഇടപെട്ട് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - Road leased to private hotel-minister asks for explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.