കേരള ഹൈകോടതി

ഭിന്നശേഷിക്കാർക്ക് ക്ഷേത്രങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തണം -ഹൈകോടതി

കൊച്ചി: ഭിന്നശേഷിക്കാർക്ക് ക്ഷേത്രങ്ങളിൽ സുഗമ ദർശനത്തിന് ദേവസ്വം ബോർഡുകൾ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ഹൈകോടതി. തന്ത്രിമാരുമായി ആലോചിച്ച് നിശ്ചിത ദിവസമോ സമയമോ അവർക്ക് അനുവദിക്കുന്നത് പരിഗണിക്കുകയും അത് മാധ്യമങ്ങളിലൂടെ അറിയിക്കുകയും വേണം.

വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഓരോ ക്ഷേത്രത്തിലെയും, പ്രത്യേകിച്ച് മഹാക്ഷേത്രങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി നാലമ്പത്തിനുള്ളിലും മറ്റിടങ്ങളിലും വീൽ ചെയർ അനുവദിക്കുന്നതിൽ ബോർഡുകൾ തീരുമാനമെടുക്കണം. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നാലു മാസത്തിനകം നൽകണം.

പ്രധാന ക്ഷേത്രങ്ങളിൽ മൂന്നു മുതൽ അഞ്ചുവരെ വീൽചെയറുകൾ ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന്, അമിക്കസ്‌ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിൽ എവിടംവരെ എത്താമെന്ന് വ്യക്തമായി അടയാളപ്പെടുത്തുക, സുഗമമായി സൗകര്യമൊരുക്കുക, സഹായത്തിന് പരിശീലനം നേടിയവരെ നിയോഗിക്കുക തുടങ്ങിയവയായിരുന്നു മറ്റു നിർദ്ദേശങ്ങൾ. വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ടി. സുഗന്ധി നൽകിയ ഹരജിയാണ് പരിഗണിച്ചത്. ശാരീരിക പ്രശ്‌നമുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കുകയും മുൻഗണന നൽകുകയും വേണമെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

Tags:    
News Summary - Reservations should be made for minorities in temples - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.