കരുവന്നൂർ സഹകരണ ബാങ്കിന് 250 കോടിയുടെ രക്ഷാപാക്കേജ്

തൃശൂർ: സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കിയ തട്ടിപ്പ്​ നടന്ന കരുവന്നൂർ സഹകരണ ബാങ്കിനെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ. 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ 25 ശതമാനം നിക്ഷേപകർക്ക് അനുവദിക്കും. ബാക്കി ബാങ്കിന്‍റെ മറ്റ് ആവശ്യങ്ങൾക്ക്​ ഉപയോഗിക്കും.

ജില്ലയിലെ ബാങ്കുകളുടെ കൺസോർട്യത്തിലൂടെയാണ് പണം കണ്ടെത്തുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് ആദ്യഘട്ടത്തിൽ 50 കോടി സംഘടിപ്പിക്കും. ജില്ലയിലെ 160 സഹകരണ ബാങ്കുകൾ കൺസോർട്യത്തിൽ ഭാഗമാകുമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്‍റെ കിട്ടാക്കടത്തിലുള്ള 90 കോടിയുടെ വായ്‌പകൾ കേരള ബാങ്ക്‌ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ പരിശോധിക്കുകയാണ്. നിക്ഷേപകർക്ക് നൽകാനുള്ള പണത്തിന് വായ്പാ ഇനത്തിൽ തുക അനുവദിക്കാനും പദ്ധതി തയാറാക്കും.

സി.പി.എം ജില്ല സമ്മേളനത്തിൽ വരെ നേതൃത്വത്തിനെതിരെ വിമർശനമുയർന്ന ബാങ്ക് തട്ടിപ്പ്​ വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ്​ സർക്കാർ നടപടികളിലേക്ക് കടന്നത്. കരുവന്നൂർ ബാങ്കിൽ‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച്‌ നിക്ഷേപകരുടെ തുക തിരികെ നൽകാനുള്ള ശ്രമം വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനകം ഗഡുക്കളായി 16 കോടിയിലധികം മടക്കി നൽകി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ നിക്ഷേപകരെ നേരിൽ കാണലും തുടങ്ങി.

ആശങ്ക പരിഹരിക്കാനും ബാങ്കിനോടുള്ള വിശ്വാസ്യത ഉറപ്പിക്കാനുമാണിത്​. ബാങ്കിന്‍റെ പുനരുദ്ധാരണത്തിനായി തയാറാക്കിയ പാക്കേജിൽ എല്ലാ നിക്ഷേപകരുടെയും പണം തിരികെ നൽകുമെന്ന ഉറപ്പുണ്ട്‌. ഇതിനായി കേരള ബാങ്കിൽനിന്ന് കൂടാതെ നിക്ഷേപയിനത്തിലും ബാങ്ക് ആസ്തികൾ, വായ്പ കുടിശ്ശികകൾ എന്നിവയിൽനിന്നും വേഗത്തിൽ പണം കണ്ടെത്തും. വിവിധ വായ്‌പ പദ്ധതികളിൽ 374 കോടി പുറത്തുനിൽക്കുന്നതായാണ്‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി വിലയിരുത്തൽ.

ആസ്‌തി-ബാധ്യതകൾ തിട്ടപ്പെടുത്തൽ, വായ്‌പകളിൽ തിരിച്ചടവ്‌ ഉറപ്പാക്കൽ, നിക്ഷേപകർക്ക്‌ തുക മടക്കിനൽകൽ എന്നിവയിൽ സഹകരണ വകുപ്പും ബാങ്കിനെ സഹായിക്കും. ഇതിനായി സെയിൽ ഓഫിസറുടെ സേവനം അനുവദിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആസ്‌തി തിട്ടപ്പെടുത്താനും ബാധ്യതകൾ തീർക്കാനും അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റിയെ സെയിൽ ഓഫിസർ സഹായിക്കും. നിഷ്‌ക്രിയ വായ്‌പകളിൽ ആർബിട്രേഷൻ നടപടികളിലേക്കും കടക്കും.

ആർബിട്രേഷൻ വിധിയായിട്ടും നടപടിയെടുക്കാത്ത 230 കേസുകൾ ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 29 കേസിൽ വിധി വരാനുണ്ട്‌. 575 കേസുകളിൽ ആർബിട്രേഷൻ നടപടി സ്വീകരിക്കണം. ഇതിനും സെയിൽ ഓഫിസർ നേതൃത്വം നൽകും. ഉടൻ നടപടികളിലേക്ക് കടക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു.

Tags:    
News Summary - Rescue package of `250 crore for Karuvannur Co-operative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.