തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ സ്ഥിരം തസ്തിക വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ല് തകർക്കാൻ നീക്കം. പുതിയ ബസോ നിയമനങ്ങളോ സമീപകാലത്തെങ്ങും ഉണ്ടാകാതിരിക്കും വിധമുള്ള പുനഃസംഘടനക്കാണ് മാനേജ്മെന്റ് തയാറെടുക്കുന്നത്. കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവർ ബസ് ക്ഷാമം മൂലം നട്ടംതിരിയുന്നതിനിടയിലാണ് വീണ്ടും ശ്വാസംമുട്ടിക്കുന്ന ശ്രമങ്ങൾ. ദീർഘദൂരത്തിന് പുറമെ ഓർഡിനറി സർവിസായി ഓടുന്നതിന് വാങ്ങുന്ന ഇലക്ട്രിക് ബസുകളും കരാർ നിയമനം മാത്രമുള്ള സിഫ്റ്റിന് കീഴിലാക്കിയിരുന്നു. ഫലത്തിൽ ഇനി കരാർ നിയമനങ്ങളേ ഉണ്ടാകൂ.
അഞ്ചു വർഷത്തിനിടെ 7500 തസ്തികയാണ് ഒഴിവാക്കിയത്. 6000 എണ്ണംകൂടി ഒഴിവാക്കാനാണ് ആലോചന. ജീവനക്കാർ വിരമിക്കുന്ന ഒഴിവിലേക്ക് ഇനി നിയമനം ഉണ്ടാകില്ല. നിലവിലെ 3770 ബസുകൾക്കായി 26,000 ജീവനക്കാരാണുള്ളത്. സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസ് ഓപറേറ്റ് ചെയ്യാൻ കഴിയുമെന്നാണ് മാനേജ്മെന്റിന്റെ കണ്ടെത്തൽ.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2016 ല്‍ 34028 സ്ഥിര ജീവനക്കാരും 9500 എം പാനല്‍ ജീവനക്കാരുമാണ് കെ.എസ്.ആർ.ടി.സിയിലുണ്ടായിരുന്നത്. കോടതി വിധിയെതുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ പൂർണമായും ഒഴിവാക്കി. പിന്നാലെയാണ് ഡ്യൂട്ടി ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരം തസ്തിക കുറയ്ക്കുന്ന നിലപാട് സ്വീകരിച്ചത്. മേയിലെ കണക്ക് പ്രകാരം 9552 ഡ്രൈവര്‍മാരും 9030 കണ്ടക്ടര്‍മാരുമാണുള്ളത്. സിംഗിൾ ഡ്യൂട്ടി പരിഷ്കാരം വരുന്നതോടെ 7650 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മതിയാകും. ഇതോടെ 2016ന് ശേഷം വെട്ടിക്കുറച്ച തസ്തിക 13,000 ആകും.
പുതിയ ഡ്യൂട്ടി സംവിധാനത്തോട് ജീവനക്കാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. നിലവിലെ ഒന്നര ഡ്യൂട്ടി സംവിധാനത്തില്‍ ആഴ്ചയില്‍ നാലുദിവസം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി പ്രകാരം ആറുദിവസം 10 - 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. അധിക ഡ്യൂട്ടിക്ക് പ്രത്യേക വേതനം ലഭിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്ന കെ.എസ്.ആര്.ടി.സിയില്‍ അഞ്ചുവര്‍ഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ നിയമനമൊന്നും നടന്നിട്ടില്ല. വര്‍ഷംതോറും 900-1000 പേര് വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളെല്ലാം ഇല്ലാതാകുകയാണ്. ആറുവര്‍ഷത്തിനിടെ 100 ബസ് മാത്രമാണ് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.