കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പരസ്യവിചാരണ നടത്തി അപമാനിച്ചത് സിദ്ധാർഥനെ മരണത്തിന് പ്രേരിപ്പിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
മെൻസ് ഹോസ്റ്റലിൽ ‘അലിഖിത നിയമം’ പ്രവർത്തിക്കുന്നുണ്ട്. ഇതനുസരിച്ച് സിദ്ധാർഥനെതിരെ ഒരു പെൺകുട്ടി നൽകിയ പരാതി തീർപ്പാക്കാൻ വിളിച്ചുവരുത്തിയാണ് ക്രൂരമായ ശിക്ഷാമുറകൾ നടപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. സഹപാഠിയായ പെൺകുട്ടിയെ അപമാനിച്ചെന്ന ആരോപണത്തിൽ ഒത്തുതീർപ്പിനെന്നു പറഞ്ഞ്, വീട്ടിലേക്കുള്ള യാത്രയിലായിരുന്ന സിദ്ധാർഥനെ ഫെബ്രുവരി 15ന് വിദ്യാർഥിയായ രഹാന്റെ ഫോണിൽനിന്ന് പ്രതിപ്പട്ടികയിലുള്ള ഡാനിഷ് കാമ്പസിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു. തിരികെ വന്നില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിളിച്ചുവരുത്തിയത്.
ഇതുപ്രകാരം എറണാകുളത്തുനിന്ന് ഫെബ്രുവരി 16ന് രാവിലെയാണ് സിദ്ധാർഥന്‍ തിരികെ കോളജിലെത്തിയത്. കാമ്പസിലെത്തിയ സിദ്ധാർഥനെ ഹോസ്റ്റൽമുറിയിൽ അന്യായ തടങ്കലിൽ വെച്ചു. രാത്രി ഒമ്പതു മണിക്കുശേഷം കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിലെ 21ാം റൂമിലും നടുമുറ്റത്തും മർദനം തുടർന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു ക്രൂരമർദനം. കേബ്ൾ വയർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചും അടിച്ചു. 17ന് പുലർച്ച രണ്ടുമണിവരെ പരസ്യവിചാരണ തുടർന്നതായും റിപ്പോർട്ടിലുണ്ട്.
സിദ്ധാർഥന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. മകന്‍റെ മരണത്തിൽ നിയമപോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിന്‍റെ തീരുമാനം.
റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുതെന്നും സിദ്ധാർഥന്റെ പിതാവ് ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിന്‍റെ ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.