പാലക്കാട്: വൈദ്യുതിക്കായി ഘടിപ്പിച്ച എനർജി മീറ്ററിന്റെ തരത്തെ അടിസ്ഥാനപ്പെടുത്തി ഒരേ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് ഒരേ അളവ് വൈദ്യുതി ഉപയോഗിക്കുമ്പോൾ വ്യത്യസ്ത നിരക്ക് നിർണയിച്ച് വൈദ്യുതി റെഗുലേറ്ററി കമീഷൻ. പുനരുപയോഗ ഊർജ റെഗുലേഷന്റെ 2025 കരട് രേഖയിലാണ് എനർജി മീറ്ററിന്റെ തരത്തെ അടിസ്ഥാനപ്പെടുത്തി ഉപയോഗസമയത്തിന്റെ അളവ് ഒന്നര മണിക്കൂർ വ്യത്യാസപ്പെടുത്തിയുള്ള ഈ നിർദേശമുള്ളത്.
നിശ്ചിത ഇടവേളകളിൽ ഊർജ ഉപയോഗം കാണിക്കുന്ന എ.ബി.ടി (അവെയ്ലബിലിറ്റി ബേസ്ഡ് താരിഫ്) മീറ്ററുകൾ, സ്മാർട്ട് മീറ്ററുകൾ, അല്ലെങ്കിൽ പ്രത്യേക സമയമേഖല മുൻകൂട്ടി നിശ്ചയിച്ച് സജ്ജീകരിച്ച ടി.ഒ.ഡി (ടൈം ഓഫ് ഡേ) മീറ്ററുകൾ എന്നിവക്ക് വൈകീട്ട് ആറു മുതൽ 11.30 വരെയും മറ്റുള്ളവക്ക് വൈകീട്ട് ആറു മുതൽ പത്തു വരെയുമാണ് കരട് രേഖയിൽ ‘പീക്ക് അവർ’ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒരേ വിഭാഗത്തിലുള്ള ഉപഭോക്താക്കൾ ഒരേ സമയത്ത് ഒരേ ഉപഭോഗത്തിന് വ്യത്യസ്ത തുക നൽകേണ്ടിവരും. മീറ്റർ അനുസരിച്ചുള്ള ഈ വിവേചനം കേന്ദ്ര വൈദ്യുതി നിയമത്തിന്റെ (സെക്ഷൻ 62-3) ലംഘനമാണെന്നാണ് വിമർശനം.
‘താരിഫ് നിർണയിക്കുമ്പോൾ റെഗുലേറ്ററി കമീഷൻ ഏതെങ്കിലും ഉപഭോക്താവിനോട് അനാവശ്യ മുൻഗണന കാണിക്കരുത്’ എന്ന് വൈദ്യുതി നിയമത്തിൽ പറയുന്നുണ്ട്. ലോഡ് ഫാക്ടർ, വോൾട്ടേജ്, മൊത്തം ഉപഭോഗം, ഉപയോഗസമയം തുടങ്ങിയവയിൽ വ്യത്യാസം വരുത്താൻ അനുവാദമുണ്ടെങ്കിലും ലൈസൻസി സ്ഥാപിച്ച മീറ്ററിങ് ഉപകരണത്തിന്റെ തരമനുസരിച്ച് വിവേചനം പാടില്ലെന്നാണ് നിയമം.
കരടിന്റെ 2 (68) വകുപ്പ് പ്രകാരം, പീക്ക് അവറുകൾ എന്നത് 18.00 മുതൽ 23.30 വരെയാണ്. എന്നാൽ, ഇത് എ.ബി.ടി മീറ്ററുകൾ, സ്മാർട്ട് മീറ്ററുകൾ, അല്ലെങ്കിൽ ആ സമയമേഖലക്കായി പ്രോഗ്രാം ചെയ്ത ടി.ഒ.ഡി മീറ്ററുകളുള്ള ഉപഭോക്താക്കൾക്കു മാത്രമാണ് ബാധകം. മറ്റ് ഉപഭോക്താക്കൾക്ക്, പീക്ക് അവറുകൾ 18.00 മുതൽ 22.00 വരെ ‘സോൺ 2’ എന്ന് നിശ്ചയിച്ച് കുറഞ്ഞ സമയത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മീറ്റർ തരംതിരിവുൾപ്പെടെ കരട് നിയമത്തിൽ സോളാർ ഉപഭോക്താക്കൾക്ക് നേരിട്ട വിവേചനത്തിനെതിരെ റെഗുലേറ്ററി കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് പുരപ്പുറ സോളാർ ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.