ഗുരുവായൂരിലെ  "സദാചാര ഗുണ്ടകള്‍':  കാള പെറ്റെന്ന് കേട്ട  ചെന്നിത്തല കയറെടുത്തു

ഗുരുവായൂര്‍: ഗുരുവായൂരിലെ  "സദാചാര ഗുണ്ടകള്‍' എന്ന  നിയമസഭയിലെ പ്രയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാള പെറ്റെന്ന് കേട്ടപടി കയറെടുത്ത അവസ്ഥയിലാക്കി.  സ്വന്തം പാര്‍ട്ടിക്കാരും മുന്നണിക്കാരും ഉള്‍പ്പെടെ അനധികൃത വെള്ളമൂറ്റല്‍ മൂലം കുടിവെള്ളം മുട്ടിയ നാട്ടുകാരെയാണ് പ്രതിപക്ഷനേതാവ് സദാചാര ഗുണ്ടകള്‍ എന്ന് ആക്ഷേപിച്ചത്.  ഇന്നലെ നിയമസഭയെ ഇളക്കിമറിച്ച ഗുരുവായൂര്‍ കുടിവെള്ളം തടയല്‍ പ്രശ്നം നാട്ടുകാര്‍ ഒന്നാകെ സംഘടിച്ച് നടത്തിയ ജനകീയ പ്രതിരോധമായിരുന്നു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എയെ വ്യക്തിപരമായി ആക്രമിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ചെന്നിത്തല വെള്ളം തടഞ്ഞ പ്രശ്നം നടന്നതാകട്ടെ  മുരളി പെരുനെല്ലി എം.എല്‍.എ പ്രതിനിധീകരിക്കുന്ന മണലൂര്‍ മണ്ഡലത്തിലാണ് താനും. പ്രദേശത്തെ കൗണ്‍സിലര്‍മാരായ ജലീല്‍ പണിക്കവീട്ടില്‍, ജോയ് ചെറിയാന്‍ (കോണ്‍.), റഷീദ് കുന്നിക്കല്‍ (മുസ്ലിം ലീഗ്), സവിത സുനി (സി.പി.എം), അഭിലാഷ് വി. ചന്ദ്രന്‍ (സി.പി.ഐ) എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുടിവെള്ളസംരക്ഷണത്തിന് വേണ്ടി കുറെ നാളായി നടത്തിവരുന്ന ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഈ സംഭവം.ഗുരുവായൂര്‍ നഗരസഭയിലെ തൈക്കാട് മേഖലയില്‍പെടുന്ന ചൊവ്വല്ലൂര്‍പടി പ്രദേശത്ത് കുടിവെള്ളപ്രശ്നം രൂക്ഷമാണ്. ചൊവ്വല്ലൂര്‍പടി മേഖലയിലെ അഞ്ച് വീട്ടുകാര്‍ നടത്തുന്ന കുടിവെള്ള വില്‍പനയെച്ചൊല്ലി ഏറക്കാലമായി ഇവിടെ അസ്വസ്ഥതകളുണ്ട്. 

കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങളെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് വില്‍പനക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.തങ്ങളുടെ കിണറുകളിലെ വെള്ളത്തിന്‍െറ തോത് കുറഞ്ഞതോടെ പ്രദേശവാസികള്‍ സംഘടിച്ചു. പ്രതിഷേധം ശക്തമാകുന്നത് കണ്ട് വെള്ളക്കച്ചവടക്കാര്‍  വില്‍പന പൂര്‍ണമായി നിര്‍ത്തി. ഇതിനിടെ ജലക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാറും നഗരസഭയും ഇടപെടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടുമെന്ന് പ്രഖ്യാപനമുണ്ടായി. ഗുരുവായൂര്‍ ക്ഷേത്രോത്സവം തുടങ്ങാനിരിക്കെ സമരം ഒഴിവാക്കാന്‍ അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഇടപെട്ട് ഹോട്ടലുകളുടെ ഉടമകളുമായി ചര്‍ച്ച നടത്തി സമരം ഒഴിവാക്കി. വീണ്ടും നഗരസഭാധ്യക്ഷ  കലക്ടറുമായി  ചര്‍ച്ചകള്‍ നടത്തി. ചൊവ്വല്ലൂര്‍പടിയിലെ കുടിവെള്ള വില്‍പന അനധികൃതമാണെന്ന് കണ്ടത്തെിയ കലക്ടര്‍ വില്‍പന കേന്ദ്രങ്ങളിലെ കിണറുകളും ജലമൂറ്റുന്ന ഉപകരണങ്ങളും പിടിച്ചെടുത്ത് നഗരസഭക്ക് കൈമാറാന്‍ ഈമാസം ആറിന് ഉത്തരവിട്ടു. 

ഏഴിന് നഗരസഭാധ്യക്ഷയുടെ അധ്യക്ഷതയില്‍ പ്രദേശവാസികളുടെ യോഗം ചേര്‍ന്നു. കുടിവെള്ള വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് വെള്ളമെടുത്ത് നഗരസഭയുടെ ജലക്ഷാമമുള്ള മേഖലകളില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഈ ധാരണ ലംഘിച്ചാണ് ബുധനാഴ്ച രാത്രി ഒമ്പതോടെ 12,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കറുമായി ദേവസ്വത്തിന്‍െറ വാഹനം വെള്ളമെടുക്കാനത്തെിയത്. യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയായിരിക്കെ രമേശ് ചെന്നിത്തല തങ്ങളെ "സദാചാര ഗുണ്ടകള്‍' എന്ന് വിശേഷിപ്പിച്ചതില്‍ പ്രദേശത്ത്  പ്രതിഷേധം ഉണ്ട്.

കോണ്‍ഗ്രസുകാര്‍ രാത്രി ആര്‍.എസ്.എസ്  ആകുന്നു –പി.ടി.എ റഹീം
തിരുവനന്തപുരം: പകല്‍ കോണ്‍ഗ്രസുകാരായി നടക്കുന്നവര്‍ രാത്രി ആര്‍.എസ്.എസുകാരാകുന്നെന്ന് പി.ടി.എ. റഹീം എം.എല്‍.എ. ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അബ്ദുല്‍ ഖാദറിന് ഗുരുവായൂരിലെന്തുകാര്യമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചത് ഇത്തരം ചിന്താഗതികള്‍ കൊണ്ടാണ്. എത്രയൊക്കെ ഒളിച്ചുവെച്ചാലും മനസ്സിലുള്ള കാര്യങ്ങള്‍ അറിയാതെ പുറത്തുവരും. പ്രതിപക്ഷ നേതാവിന്‍െറ പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്‍െറ കാപട്യം വെളിവായി. മുസ്ലിംകളുടെ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി. ശ്രീരാമകൃഷ്ണനാണ് സഭയുടെ നാഥന്‍. ഹിന്ദുക്കളുടെ പ്രമുഖ ആരാധനാലയമായ ഗുരുവായൂര്‍ അമ്പലം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് അബ്ദുല്‍ ഖാദറാണ്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് ക്രിസ്ത്യാനിയായ രാജു എബ്രഹാമാണ്. ഇതൊക്കെ നാടിന്‍െറ വൈവിധ്യങ്ങളാണ്. ഇതൊന്നും അംഗീകരിക്കാന്‍ തയാറാകാത്തവരാണ് ഇത്തരം ഹീനമായ ചോദ്യങ്ങളുന്നയിക്കുന്നതെന്നും റഹീം നിയമസഭ ചര്‍ച്ചയില്‍ പറഞ്ഞു.

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT