കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുമ്പോൾ അത്ഭുതങ്ങളോ അതിശയങ്ങളോ ഇല്ലെന്നും അദ്ദേഹത്തിന്‍റെ വിജയത്തിൽ ആശങ്കയില്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിലമ്പൂരിൽ രണ്ട് അഭിമാനങ്ങളാണുള്ളതെന്നും അതിലൊന്ന് നിലമ്പൂർ തേക്കും രണ്ടാമത്തേത് ആര്യാടനുമാണ്. പിണറായി സർക്കാറിന്‍റെ വിലയിരുത്തലായിരിക്കും ഉപതെരഞ്ഞെടുപ്പെന്നും ചെന്നിത്തല എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.
നിലമ്പൂരിന് രണ്ട് അഭിമാനങ്ങളുണ്ട്. ഒന്ന് നിലമ്പൂര്‍ തേക്കും രണ്ടാമത്തേത് ആര്യാടനും.
കാതലും കരുത്തും ഒന്നിച്ചവയാണ് രണ്ടും.
അതുകൊണ്ടു തന്നെ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ അത്ഭുതങ്ങളും അതിശയങ്ങളുമില്ല.
വിജയത്തെക്കുറിച്ച് ആശങ്കകളുമില്ല.
ഒൻപത് വര്‍ഷത്തെ പിണറായി ദുര്‍ഭരണത്തിന്റെ വിലയിരുത്തലിന് നിലമ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു.
യുഡിഎഫ് തയ്യാറായിക്കഴിഞ്ഞു.
ഇനി അങ്കത്തട്ടിലേക്ക്....
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. അതേസമയം, അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അൻവറിന് തിരിച്ചടിയായി.
ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് മലക്കം മറിയുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്. ഇത് തള്ളിയാണ് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.