യു.എ.പി.എ കേസില്‍ പിണറായിക്ക് പീലാത്തോസിനെ പോലെ കൈ കഴുകാനാകില്ല -ചെന്നിത്തല

തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്ത സംഭവത്തില്‍ പിണറായി വിജയന് പീലാത്തോസിനെ പോലെ കൈ കഴുകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന പിണറായിയുടെ പ്രസ്താവനയുടെ ബലത്തിലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. ഇപ്പോള്‍ എന്‍.ഐ.എക്കെതിരെയുള്ള സി.പി.എമ്മിന്‍റെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നും പിണറായി അമിത് ഷാക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ കേന്ദ്രസർക്കാരിനെ പഴിചാരി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. ഇതിൻെറ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്രസർക്കാർ ഇടപെട്ട് എൻ.ഐ.എയെ ഏൽപിച്ചത് പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്രസർക്കാർ അന്വേഷണം എൻ.ഐ.എയെ ഏൽപ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സർക്കാരിൻെറ ചുമതലയായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെ കേസ് എൻ.ഐ.എയെ ഏൽപ്പിച്ചത് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനേ സഹായിക്കൂ എന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.

എൻ.ഐ.എ കേസ് ഏറ്റെടുത്തത് ഷോക്കായിപ്പോയെന്നും പാർട്ടിയെ അത്രമേൽ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറിയെന്നും അറസ്റ്റിലായ അലൻെറ അമ്മ സബിത മഠത്തിൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സി.പി.എം സെക്രട്ടേറിയേറ്റ് കേന്ദ്രത്തിനെതിരെ വിമർശവുമായി രംഗത്തെത്തിയത്.

Tags:    
News Summary - ramesh chennithala aginst pinarayi on UAPA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.