വി. അബ്ദുറഹിമാൻ
വാർത്ത മാധ്യമസൃഷ്ടി; തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി വി. അബ്ദുറഹിമാൻ
മലപ്പുറം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യം ചെയ്തെന്ന വാർത്ത തള്ളി മുൻമന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും വാർത്ത മാധ്യമസൃഷ്ടിയാണെന്നും മാധ്യമങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. സ്പോൺസർഷിപ്പ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫിസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫിസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇ-മെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
അതേസമയം, മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക എസ്.ഐ.ടി ചോദ്യം ചെയ്തെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള എസ്.ഐ.ടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളം മന്ത്രിയെ ചോദ്യം ചെയ്തുവെന്നാണ് വാർത്തകൾ വന്നിരുന്നത്. അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായിക വകുപ്പിന്റെയും അബ്ദുറഹിമാന്റെയും ഇടപെടലുകൾ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതെങ്ങനെ, ടീമിനെ എത്തിക്കുന്നതിന്റെ പേരിൽ മന്ത്രി നടത്തിയ വിദേശയാത്ര, അവിടെ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് എസ്.ഐ.ടി ചോദിച്ചറിഞ്ഞുവെന്നായിരുന്നു വാർത്തകൾ.
നിബന്ധനകൾ പാലിക്കാതെയാണ് ആർ.ബി.സിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ചും അബ്ദുറഹിമാന്റെ മൊഴിയെടുത്തു. നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. വകുപ്പുകളെ ഇരുട്ടിൽ നിർത്തി ഏകപക്ഷീയമായാണ് മന്ത്രി നടപടികൾ സ്വീകരിച്ചതെന്നാണ് എസ്.ഐ.ടിക്ക് മൊഴി ലഭിച്ചിരുന്നത്. കേരളത്തിനു ഗുണകരമാകുന്ന പരിപാടിയെന്ന നിലയിലാണ് അർജന്റീന ടീമിന്റെ സന്ദർശനത്തിനായി ഇടപെട്ടതെന്നും സദുദ്ദേശ്യത്തോടെയാണു താൻ പ്രവർത്തിച്ചതെന്നും അബ്ദുറഹിമാൻ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വിദേശയാത്ര നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.