എം.കെ. മുനീർ
എം.കെ. മുനീറിന്റെ കാബിനറ്റ് പദവി: വിവാദമാക്കിയാൽ മൗനം പാലിക്കില്ല, കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തൊടുത്തുവിട്ട അമ്പിന്‍റെ പരിക്ക് കോൺഗ്രസ് വൃത്തംവിട്ട് പാർട്ടിയിലേക്ക് തിരിച്ചാൽ പ്രതിരോധിക്കാനൊരുങ്ങി മുസ്ലിം ലീഗ്. കെ.പി.സി.സി ആസ്ഥാനത്ത് മുന്നണി കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം വിളിച്ചത് അമ്പരപ്പോടെയാണ് ലീഗ് കാണുന്നത്. എം.കെ. മുനീറിന് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷ പദവി നൽകാനുള്ള മന്ത്രിസഭ തീരുമാനം പ്രശ്നവത്കരിക്കാൻ മുന്നണി കൺവീനർ നടത്തിയ ശ്രമം ലീഗിൽ കടുത്ത അതൃപ്തിക്കും ഇടയാക്കി. എന്നാൽ, അടൂർ പ്രകാശിന്‍റെ വിമർശനത്തിൽ കോൺഗ്രസിൽ നിന്നുള്ള തുടർപ്രതികരണങ്ങൾ ലീഗ് സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ അവിടംവിട്ട് ലീഗിനുമേൽ വരുന്ന ഘട്ടത്തിൽ പ്രതിരോധിക്കാനാണ് ധാരണ.
ഭരണപരിഷ്ക്കാര കമീഷൻ അധ്യക്ഷ പദവി ലീഗിന് നൽകിയ ആറാം മന്ത്രി പദവിയാണെന്ന ബി.ജെ.പി ആരോപണത്തിന് ഇന്ധനം പകരുന്നതാണ് അടൂർ പ്രകാശിന്‍റെ പ്രതികരണമെന്ന വിലയിരുത്തൽ ലീഗിലുണ്ട്. എന്നാൽ, അതിൽ പ്രതികരിച്ച് വിഷയത്തിന് പുതിയ തലമുണ്ടാക്കി നൽകേണ്ടെന്ന നിലപാടിലാണ് പാർട്ടി.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ലീഗിനെ പ്രതിസന്ധിയിലാക്കിയ അഞ്ചാം മന്ത്രി വിവാദം പൊട്ടിപ്പുറപ്പെട്ടത് അന്നത്തെ കോൺഗ്രസ് തലപ്പത്തുനിന്നായിരുന്നു. മന്ത്രിസഭ രൂപവത്കരണ വേളയിൽ വാഗ്ദാനം ചെയ്ത പദവി ലഭിക്കാൻ പിന്നീട് ഉന്നയിച്ച ആവശ്യം വലിയ ചർച്ചയാക്കി സാമുദായിക ധ്രുവീകരണത്തിന് വരെ വഴിവെച്ച അനുഭവപാഠം ലീഗിന് മുന്നിലുണ്ട്. ഇത്തവണ എം.കെ. മുനീറിന് പദവി നൽകുന്നത് നേരത്തേതന്നെ മുന്നണി നേതൃതലത്തിൽ ധാരണയായതാണ്. അതിൽ തീരുമാനം വന്നപ്പോൾ, കോൺഗ്രസിനകത്ത് മുഖ്യമന്ത്രി വിരുദ്ധ ചേരിയിലുള്ള അടൂർ പ്രകാശ് അത് അവസരമാക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂർ പ്രകാശ് ഉൾപ്പെടെ സിറ്റിങ് എം.പിമാർ നടത്തിയ നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം വെട്ടുന്നതിൽ വി.ഡി. സതീശന്‍റെ ശക്തമായ നിലപാടിന് വലിയ പങ്കുണ്ടായിരുന്നു. മന്ത്രിപദം ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കങ്ങൾ പൊളിഞ്ഞതോടെ മുന്നണി കൺവീനർ സതീശനെതിരെ അവസരം കാത്തിരിക്കുകയായിരുന്നു. മുനീറിന്‍റെ പദവിയിൽ അടൂർ പ്രകാശിന്‍റെ പ്രതികരണത്തിന് അഞ്ചാം മന്ത്രി വിവാദം പോലുള്ള ആഖ്യാനം കോൺഗ്രസിനകത്തുനിന്നുണ്ടായാൽ ശക്തമായി പ്രതിരോധിക്കാനാണ് ലീഗ് തീരുമാനം. വിവാദം ലീഗിനെതിരെ തിരിച്ചാൽ അഞ്ചാം മന്ത്രി വിവാദ കാലത്ത് ലീഗ് പുലർത്തിയ മൗനം ഇത്തവണ തുടരില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
മുൻകാല നിയമസഭ തെരഞ്ഞെടുപ്പുകളിൽ മലബാറിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയതിൽ ലീഗണികളുടെ അധ്വാനത്തെ കുറിച്ച് കോൺഗ്രസ്-മുന്നണി നേതൃത്വത്തിന് വ്യക്തമായ ബോധ്യമുണ്ടെന്ന വിശ്വാസത്തിലാണ് പാർട്ടി. ഈ യാഥാർഥ്യങ്ങൾ അവഗണിച്ച്, പാർട്ടിക്ക് നൽകിയ പദവി പ്രശ്നവത്കരിച്ചാൽ മൗനം തുടരില്ലെന്ന കൃത്യമായ സന്ദേശമാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്നത്.
തീരുമാനം ചർച്ച വഴി -സാദിഖലി തങ്ങൾ
മലപ്പുറം: യു.ഡി.എഫിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്‍റെ പ്രസ്താവന സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. മുനീറിന്റെ നിയമനം അടക്കം ചർച്ചകളിലൂടെയാണ് തീരുമാനിച്ചത്. വലിയ ആഭ്യന്തര കലഹം യു.ഡി.എഫിൽ ഇല്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
വിവാദത്തിൽ വിഷമം; ദൗത്യം പ്രധാനം -എം.കെ. മുനീർ
കോഴിക്കോട്: തന്നെ ഭരണപരിഷ്കാര കമീഷൻ ചെയർമാനാക്കുന്ന കാര്യം യു.ഡി.എഫ് ചർച്ചചെയ്തിട്ടുണ്ടാവാമെന്ന് എം.കെ. മുനീർ. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും മുനീർ പ്രതികരിച്ചു. മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് സ്ഥാനത്തേക്ക് വരുന്നതിൽ പ്രയാസമുണ്ട്. അതിനിടെ, എം.കെ. മുനീറിനെ ഭരണപരിഷ്കാര കമീഷൻ ചെയർമാനായി തീരുമാനിച്ച ഉത്തരവ് പുറത്തിറങ്ങി.
തന്റെ നിയമന തീരുമാനം ഏറെ വിനയത്തോടെയും ഉത്തരവാദിത്വത്തോടെയും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുതിയ ദൗത്യം പൊതുജീവിതത്തിലെ നിർണായകമായ ഉത്തരവാദിത്വമായാണ് കാണുന്നത്. ഇതിലേക്ക് പരിഗണിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സാദിഖലി ശിഹാബ് തങ്ങൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റ് മുതിർന്ന കോൺഗ്രസ്, മുസ്ലിം ലീഗ്, യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ എന്നിവരോട് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഭരണസംവിധാനം കൂടുതൽ ജനകീയവും കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുക എന്നതാണ് പ്രധാന ദൗത്യം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവാദിത്വത്തെ താൻ സമീപിക്കുന്നത്. പരമാവധി ആത്മാർത്ഥതയോടും നിഷ്പക്ഷതയോടും ഉത്തരവാദിത്വബോധത്തോടും കൂടി ഈ ദൗത്യം നിർവഹിക്കുമെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.