കൊച്ചി: പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് സാന്ത്വനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫോൺ വിളി. കാലാവസ്ഥ പ്രതികൂലമായതിനാൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദർശനം റദ്ദാക്കി പകരം ഇടുക്കിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രാഹുലിെൻറ ശ്രദ്ധയിൽപെടുത്തിയത്.
ഇവരെ വീട്ടിൽ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും കുടുംബത്തിെൻറ സാഹചര്യങ്ങളും രാഹുലിനോട് വിവരിച്ചു. ഓരോരുത്തരുടെയും പരിക്കുകളുടെ സ്വഭാവം ഉൾപ്പെടെ മനസ്സിലാക്കിയ രാഹുൽ മൂന്നു പേരോടും സംസാരിക്കാൻ താൽപര്യമുണ്ടെന്ന് വേണുഗോപാലിനെ അറിയിച്ചു. തുടർന്ന് കരുനാഗപ്പള്ളി അഴീക്കൽ സ്വദേശി ഹിരൺ കുമാർ, ആറാട്ടുപുഴ സ്വദേശി രത്നകുമാർ അർത്തുങ്കൽ സ്വദേശി സ്റ്റാലിൻ എന്നിവരെ വേണുഗോപാൽ ഫോണിൽ വിളിച്ചു നൽകി.
മഹാദുരന്തകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ധീരതക്ക് രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും ഏതു ഘട്ടത്തിലും കോൺഗ്രസ് പ്രസ്ഥാനം താങ്കളുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്ന് ചികത്സാസംബന്ധമായ വിവരങ്ങളും ചോദിച്ചറിഞ്ഞു. തുടർ ചികത്സക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് വേണുഗോപാലിന് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.