കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർഥിച്ച അൻവർ ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്’ എന്ന വരിയോടെയാണ് ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന നിലപാടിൽ അൻവർ ഉറച്ച് നിൽക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫേസ്ബുക് പോസ്റ്റ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണമായും വിച്ഛേദിക്കുകയാണ്.
പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
"ചിന്തിക്കുന്നവർക്ക്" ദൃഷ്ടാന്തമുണ്ട്.
പി.വി അൻവർ
വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽനിന്നും പിന്മാറണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ.പി. അനിൽകുമാർ അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഈ സമവായ ചർച്ച പരാജയപ്പെട്ടു. ജോയിയെ മത്സരിപ്പിക്കണം എന്ന ആവശ്യത്തിൽനിന്നും പിന്മാറാൻ അൻവർ തയാറായില്ല. ഇതോടെ സ്ഥാനാർഥി കാര്യത്തിൽ അൻവറിന് നിർബന്ധ ബുദ്ധിയില്ലെന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു.
കോൺഗ്രസിന്റെ സ്ഥാനാർഥിക്കാര്യം പൂർണമായും അൻവറിന്റെ നിയന്ത്രണത്തിലായി എന്നാണ് ചർച്ച നൽകുന്ന സൂചന. നിലമ്പൂരിൽ എന്തുവില നൽകിയും വിജയിക്കേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവർ ഇപ്പോഴത്തെ തീരുമാനത്തിൽ ഉറച്ച് നിന്നാൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വഴിമുട്ടും.
ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എം.എൽ.എ പി.കെ. ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരുമായി ചർച്ച നടത്തിയതായാണ് സൂചന. ചുരുക്കത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന കോൺഗ്രസിന്റെ പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ അൻവർ ഉറച്ച് നിന്നാൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് അൻവറിന്‍റെ ഫേസ്ബുക് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.