നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി.വി. അൻവർ; ‘യു.ഡി.എഫിലേക്ക് താനില്ല, പിണറായിസത്തിനെതിരെ പോരാട്ടം തുടരും’

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാൽ, തന്‍റെ കൈയിൽ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നും പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അൻവർ വ്യക്തമാക്കി.

അൻവറില്ലാതെ നിലമ്പൂരിൽ വിജയിക്കുമെന്നാണ് സതീശൻ പറയുന്നത്. അത് സതീശൻ പറയുന്നതിന് പിന്നിൽ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാൽ മാധ്യമങ്ങളോട് പറയും. നിലമ്പൂരിൽ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നാണ് താൻ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് പറഞ്ഞതിൽ കാരണമുണ്ടെന്നും അൻവർ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തിൽ അൻവർ നടത്തിയത്. അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവാണ് സതീശൻ എന്ന് അൻവർ പറഞ്ഞു. കെ.സി. വേണുഗോപാലിനെ കാണാൻ പോലും സതീശൻ സമ്മതിച്ചില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്‍റെ വാശിക്ക് യു.ഡി.എഫ് വലിയ വില കൊടുക്കേണ്ടി വരും.

യു.ഡി.എഫിലെ ചിലർ തനിക്കെതിരെ പ്രവർത്തിച്ചെന്ന് അൻവർ ആരോപിച്ചു. യു.ഡി.എഫിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് താൻ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. സതീശനെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല.

മലമ്പുഴ സീറ്റ് തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്‍റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബേപ്പൂരിൽ മത്സരിച്ചു കൂടെ എന്ന് ചില യു.ഡി.എഫ് നേതാക്കൾ ചോദിച്ചു. എന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം. ഒറ്റ വ്യക്തിയാണ് ഇതിന് പിന്നിൽ.

താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇത്തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ടാണ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സ്ഥാനാർഥിയെയും എതിർത്തിട്ടില്ല. താൻ പിന്തുണ നൽകിയിട്ടും ഷൗക്കത്ത് തൊറ്റാൽ എന്തു ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി.

സ്വീകരിക്കേണ്ടവർ തന്നെ സ്വീകരിക്കുന്നില്ല. ചർച്ചകളിൽ വ്യക്തത വന്നിരുന്നില്ല, അതിനായി കാത്തിരുന്നു. പിണറായിസത്തിനെതിരെ നിൽക്കാതെ അൻവറിനെതിരെ അവർ തിരിഞ്ഞു. എൽ.ഡി.എഫിൽ നിന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച് ഇറങ്ങി വന്നത് ആരെയും കണ്ടല്ല. സാധാരണക്കാരെ കണ്ടാണ് തന്‍റെ പ്രവർത്തനം. ഒരുപാട് ശത്രുകളെ താൻ ഉണ്ടാക്കിയിട്ടുണ്ട്.

സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സി.പി.എം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധികപ്രസംഗിയായത്. ആ അധികപ്രസംഗം തുടരും. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പോരാട്ടം തുടരും -അൻവർ വ്യക്തമാക്കി.

സി.പി.എം സ്ഥാനാർഥി എം. സ്വരാജ് പിണറായിസത്തിന്‍റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതിൽ സ്വരാജ് മുൻപന്തിയിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PV Anwar says he will not contest from Nilambur By Election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.